വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; തീരദേശ പോലിസ് സ്റ്റേഷന്‍ ഈ മാസം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
പൊന്നാനി: പൊന്നാനി തീരദേശ പൊലിസ് സ്റ്റേഷന്‍ ഈ മാസം നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിയാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുക.
നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനായി വര്‍ഷങ്ങളോളം കാത്തു കെട്ടി കിടന്ന തീരദേശ പൊലിസ് സ്‌റ്റേഷനാണ് ഒടുവില്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു തീരസുരക്ഷ മുന്‍നിര്‍ത്തി പൊന്നാനിയില്‍ തീരദേശ പൊലിസ് സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചത്. കെട്ടിട നിര്‍മാണം മാസങ്ങള്‍ക്കകം തന്നെ പൂര്‍ത്തീകരിച്ചുവെങ്കിലും മറ്റുള്ള അനുബന്ധ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങിയതാണ് ഉദ്ഘാടനം നീളാന്‍ കാരണമായത്.
കൂടാതെ സ്റ്റേഷനിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും ഉദ്ഘാടനം വൈകാനിടെയായി. ഇതോടെ സ്റ്റേഷന്‍ വളപ്പ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. സ്ഥലം എം.എല്‍.എ.പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറായതോടെ ഒരു വര്‍ഷത്തിനുള്ളില്‍ തീരദേശ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളായി. പൊന്നാനി എസ്.ഐ ആയിരുന്ന ശശീന്ദ്രന്‍ മേലയിലിനാണ് സ്റ്റേഷന്‍ ചുമതല. ഈ മാസം 27നാണ് ഉദ്ഘാടനം അനൗദ്യോഗികമായി തീരുമാനിച്ചത്. എന്നാല്‍ നിയമസഭാ സ്പീക്കറുടെ സൗകര്യാര്‍ഥം തിയതിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊന്നാനി സി.ഐ ഓഫിസില്‍ സ്വാഗതസംഘം കമ്മറ്റി ചേര്‍ന്നു. സ്പീക്കറുടെ സൗകര്യം പരിഗണിച്ച് ഈ മാസം തന്നെ തീരദേശ പൊലിസ് സ്റ്റേഷന്‍ തുറക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."