വെട്ടത്തൂരില്‍ മാവേലിസ്റ്റോറിനുള്ള നടപടികള്‍ വൈകുന്നു
വെട്ടത്തൂര്‍: സാധാരണക്കാരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമായി നിരവധിപേര്‍ അധിവസിക്കുന്ന വെട്ടത്തൂരില്‍ പഞ്ചായത്ത് നിവാസികളുടെ മാവേലിസ്റ്റോറിനായുള്ള കാത്തിരിപ്പ് തുടരുന്നു. പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന നിലവിലെ ഭരണസമിതിയുടെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളിലൊതുങ്ങി. മാറി വന്ന ഭരണസമിതിക്കും പഞ്ചായത്തിലൊരു മാവേലിസ്റ്റോര്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നത് കഴിഞ്ഞ തെരെഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ചയായിരുന്നു. അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണസമിതി മാവേലി സ്റ്റോറിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മറ്റും പ്രഖാപിച്ചെങ്കിലും പിന്നീട് കാര്യമായ തുടര്‍നടപടികളൊന്നും ഉണ്ടായതുമില്ല.
നിലവില്‍, സംസ്ഥാനത്ത് ഒരു മാവേലി സ്റ്റോറോ സപ്ലൈകോയുടെ മറ്റേതെങ്കിലും വിപണന കേന്ദ്രമോ ഇല്ലാത്ത ഏതാനും ചിലപഞ്ചായത്തുകളില്‍ ഒന്നാണ് വെട്ടത്തൂര്‍. സമീപ പഞ്ചായത്തുകളിലെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാവേലിസ്റ്റോര്‍ തുറന്നിട്ടുണ്ട്. പുതുക്കിയ നിബന്ധന അനുസരിച്ച് മാവേലി സ്റ്റോര്‍ തുടങ്ങാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തേക്ക് 500ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറണം. ഒരു ലക്ഷം രൂപയും കെട്ടി വയ്ക്കണം. ആദ്യ രണ്ടുവര്‍ഷം കെട്ടിടത്തിന്റെ വാടകയും പഞ്ചായത്ത് വഹിക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് വാടക നല്‍കുക.
ഇതനുസരിച്ച് കെട്ടിടങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍, വരുമാനം കുറഞ്ഞ പഞ്ചായത്തായതിനാല്‍ കെട്ടിടത്തിന്റെ വാടക കൂടി വഹിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതിനാല്‍, പൊതുജന താല്‍പര്യം മുന്‍നിറുത്തി രണ്ടുവര്‍ഷത്തേക്ക് വാടകയീടാക്കാതെ യോജ്യമായ കെട്ടിടം വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറാകണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് വാടകയീടാക്കാതെയുള്ള കെട്ടിടം കണ്ടെത്താനോ മറ്റോ വേണ്ടത്ര ശ്രമങ്ങള്‍ ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാവാതെ പോയതോടെ മാവേലിസ്റ്റോറിനായുള്ള നടപടികളും പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
നിലവില്‍ പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ ഇല്ലാത്തതിനാല്‍ സമീപ പഞ്ചായത്തുകളിലെ കരിങ്കല്ലത്താണി, ഉച്ചാരക്കടവ് എന്നിവിടങ്ങളിലെ മാവേലി സ്റ്റോറുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ എത്തിച്ചേരാന്‍ യാത്രാക്ലേശവും സഹിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഓണക്കിറ്റുകള്‍ വാങ്ങാനും ഏറെ പ്രയാസമുണ്ടായിരുന്നു. ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം കഴിഞ്ഞവര്‍ഷം ഒട്ടേറെ പലചരക്ക് സാധനങ്ങള്‍ക്ക് മാവേലിസ്റ്റോര്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ വിലക്കുറവുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും ഇതിന്റെ ഗുണം അനുഭവിക്കാന്‍ മറ്റു പഞ്ചായത്തുകളിലെ മാവേലിസ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു വെട്ടത്തൂരുകാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."