ഖരമാലിന്യ സംസ്‌കരണം: സംസ്ഥാനതല ശില്‍പശാല നടത്തി
കോഴിക്കോട്: ഹരിതകേരളം മിഷന്റെ ഭാഗമായി ഖരമാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല ശില്‍പശാല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം. ശിവശങ്കറിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തി.
മാലിന്യം അത് ഉല്‍പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്ന് എം. ശിവശങ്കര്‍ പറഞ്ഞു. ജൈവ മാലിന്യം വീടുകള്‍ ഉള്‍പ്പെടെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചംക്രമണം നടത്തുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനായി ഹരിത സഹായ സ്ഥാപനവും അതിന് കീഴില്‍ ഹരിത കര്‍മസേനയും ഉണ്ടാക്കും. ഹരിത സഹായ സ്ഥാപനമായി കുടുംബശ്രീ പോലുള്ള സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ എന്നിവയാകും പ്രവര്‍ത്തിക്കുക.
പദ്ധതി കോഴിക്കോട് ജില്ലയില്‍ പൈലറ്റ് പ്രോജക്ടായി നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ശില്‍പശാല നടത്തിയത്. മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരുമായും തുടര്‍ന്ന് തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായും ചര്‍ച്ച നടന്നു.
ജില്ലാ കലക്ടര്‍ യു.വി. ജോസ്, ക്ലീന്‍ കേരള കമ്പനി എം.ഡി കബീര്‍ ബി. ഹാറൂണ്‍, നവകേരള മിഷന്‍ കണ്‍സള്‍ട്ടന്റ് സുനില്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി. മുരളീധരന്‍, ശുചിത്വമിഷന്‍ ജില്ലാ അസി. കോഡിനേറ്റര്‍ കെ.പി വേലായുധന്‍, സുഗതന്‍ ശിവദാസന്‍, ബാബു പറമ്പത്ത്, സൂരജ് അബ്രഹാം, ഡോ. റീന അനില്‍കുമാര്‍, ജാബിര്‍, ജോസ് ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."