അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും: റോഷി അഗസ്റ്റിന്‍
ചെറുതോണി: പ്രാഥമിക തലം മുതല്‍ കുട്ടികള്‍ക്ക് ആകര്‍ഷകവും ശുചിത്വപൂര്‍ണവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ട്, സാമൂഹിക നീതി വകുപ്പ്, ത്രിതലപഞ്ചായത്തുകളുടെ ഫണ്ട് തുടങ്ങിയവ വിനിയോഗിച്ച് നിയോജകമണ്ഡലത്തില്‍ ഭൂരിഭാഗം അങ്കണവാടികളും നവീകരിക്കാനായിട്ടുണ്ട്. വൈദ്യുതീകരിക്കാത്ത അങ്കണവാടികളില്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ശുദ്ധമായ കുടിവെള്ളവും ശുചിത്വമുള്ള പരിസരവും ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിനും മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനും എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിനായി അനുമതിക്കായി ശ്രമം നടത്തി വരികയാണ്. കുട്ടികള്‍ക്ക് വിശ്രമിക്കുന്നതിനായി കയര്‍ ബെഡ്ഡുകള്‍ എല്ലാ അങ്കണവാടികളിലും എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു.
കൊന്നത്തടി ഗ്രാമപഞ്ചായത്ത് പൊന്മുടി ഒന്നാം വാര്‍ഡില്‍ പുരയിടസിറ്റി ഭാഗത്ത് നിര്‍മ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അങ്കണവാടി പരിധിയില്‍ വരുന്നതും കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ പ്രസാദ്, ടി.പി മല്‍ക്ക, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡോണ സാന്റു പഞ്ചായത്തംഗങ്ങളായ മേഴ്‌സി ജോസ്, ജോര്‍ജ്ജ് ജോസഫ് കുളങ്ങര, മരിയാ ഷാജി, മുരളി നെല്ലിക്കുന്നുംപുറത്ത്, ഷൈനി സെബാസ്റ്റ്യന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അജിത എസ്. കെ, കുര്യാച്ചന്‍ കയ്യാലക്കകം, ജോസ് മുണ്ടന്താനം, ലിസ്സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."