ഡോ. കഫീല്‍ഖാന്‍ നിരപരാധി
.
ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടിക്കു വിധേയനായ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോര്‍ട്ട്, യോഗി സര്‍ക്കാരിനെതിരേ വിമര്‍ശനവും ചൊരിഞ്ഞു. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ക്രമക്കേടോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും എന്നു മാത്രമല്ല, തന്റെ കഴിവിന്റെ പരമാവധി അദ്ദേഹം സേവനംചെയ്‌തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
സംഭവം നടക്കുന്ന സമയത്ത് മസ്തിഷ്‌ക്കവീക്കം സംബന്ധിച്ച വാര്‍ഡിലെ നോഡല്‍ ഓഫിസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നുവെന്നും ഖാന് കുഞ്ഞുങ്ങളുടെ മരണത്തില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ അവധിയില്‍ ആയിരുന്നു ഖാന്‍. എങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുകയും ചെയ്തു. വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഖാന്‍ സംഘടിപ്പിച്ചെന്നും 15 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ദ്രവ ഓക്‌സിജന്റെ ടെണ്ടര്‍, സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. സംഭവസമയത്ത് മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേഷന്‍ കഫീല്‍ ഖാന് കഴിഞ്ഞദിവസം കൈമാറി.
2017 ഓഗസ്റ്റിലാണ് 60ലേറെ കുട്ടികള്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. വിതരണക്കാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ അവധിയായിരുന്നിട്ടും കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനെത്തിയ കഫീല്‍ ഖാന്റെ ഇടപെടലുകളാണ് കുഞ്ഞുങ്ങളുടെ മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന വിവരം പുറത്തുവരാന്‍ സഹായിച്ചത്.
ഇതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ പ്രതികാര നടപടി സ്വീകരിക്കുകയും കുഞ്ഞുങ്ങളുടെ മരണകാരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ഏഴുമാസത്തോളമാണ് ഖാന്‍ ജയിലില്‍ കഴിഞ്ഞത്.
കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം നല്‍കണം: ഖാന്‍
ലഖ്‌നൗ: നിരപരാധിയാണെന്ന് എല്ലായ്‌പ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ഡോ. കഫീല്‍ ഖാന്‍ പ്രതികരിച്ചു. ആ നിര്‍ഭാഗ്യകരമായ ദിവസം ഒരു ഡോക്ടര്‍, ഒരു പിതാവ്, ഒരു ഇന്ത്യക്കാരന്‍ എന്നീ നിലകളില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. പക്ഷേ എന്നെ ജയിലിലടക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്- ഖാന്‍ പറഞ്ഞു.
മാധ്യമങ്ങളും സര്‍ക്കാരും എന്നെ അപമാനിച്ചു. എന്റെ കുടുംബത്തെ ഉപദ്രവിച്ചു. ജോലികളഞ്ഞു. ഭരണപരമായ പരാജയം മറച്ചുവയ്ക്കാന്‍ എന്നെ ബലിയാടാക്കുകയും മാസങ്ങളോളം ജയിലില്‍ അടയ്ക്കുകയും ചെയ്തുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറിന് കൃത്യസമയത്ത് പണമടയ്ക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം.
കുഞ്ഞുങ്ങളെ നഷ്ടമായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ അവരോട് മാപ്പുപറയണമെന്നും കഫീല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."