മഴയെത്തിയതോടെ റോഡുകളില്‍ യാത്ര ദുഷ്‌കരം; തകര്‍ന്നടിഞ്ഞ് ജില്ലയിലെ റോഡുകള്‍
മുട്ടില്‍-മാണ്ടാട് റോഡില്‍ 'വാഴക്കൃഷി'; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
മുട്ടില്‍: മുട്ടില്‍ ടൗണ്‍ മുതല്‍ മേപ്പാടി വരെ കാല്‍നടയാത്രക്ക് പോലും കഴിയാത്ത വിധം തകര്‍ന്ന മുട്ടില്‍-മാണ്ടാട് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡിലെ കുഴികളില്‍ വീണ് പരുക്ക് പറ്റുന്നതും, ചെറിയ വാഹനങ്ങള്‍ക്കു പുറമെ മറ്റു വാഹനങ്ങളും അപകടത്തില്‍ പെടുന്നതും നിത്യസംഭവമായി മാറിയ ഈ പാതയിലൂടെയുള്ള നടുവൊടിക്കുന്ന യാത്ര ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. മുട്ടില്‍ ടൗണില്‍ നിന്നും മേപ്പാടി റോഡിലേക്ക് കയറുന്ന ഭാഗത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നും പൊലിസെത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
മീനങ്ങാടി, മുട്ടില്‍, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ കോളജുകളിലും വിദ്യാലയങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ എത്താമെന്നിരിക്കെ കല്ലിളകി വന്‍ ഗര്‍ത്തമായി കിടക്കുന്ന ഈ പാതയിലൂടെ വാഹനം ഓടിയെത്തുമ്പോഴേക്കും യാത്രാ ക്ഷീണവും, സമയ നഷ്ടവും ഏറെയാണെന്ന് വിദ്യാര്‍ഥികളും പറയുന്നു. കല്‍പ്പറ്റയില്‍ നിന്ന് മുട്ടില്‍, മുക്കംകുന്ന് വഴി മീനങ്ങാടിയിലേക്കും, മുട്ടില്‍, മുക്കംകുന്ന് തൃക്കൈപ്പറ്റ വഴി മേപ്പാടിയിലേക്കും ഇതുവഴി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
തൃക്കൈപ്പറ്റ, നെല്ലിമാളം, മുക്കംകുന്ന്, നെടുമ്പാല, തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് മേപ്പാടിയിലേക്കും, മേപ്പാടിയിലുള്ളവര്‍ക്ക് മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കും എത്തിപ്പെടുന്നതിനുള്ള എളുപ്പ മാര്‍ഗമാണെന്നിരിക്കെ 6 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് നാട്ടുകാരും പറയുന്നു. ഗതാഗത യോഗ്യമല്ലാത്ത റോഡിലൂടെ സ്ഥിരമായി സര്‍വിസ് നടത്തുന്ന ബസുള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് വരുന്ന കേടുപാടുകള്‍ ഭാരിച്ച ചിലവാണ് വരുത്തുന്നതെന്ന് വാഹന ഉടമകളും പറയുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന പാത ഗതാഗത യോഗ്യമാക്കും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് നാട്ടുകാരുടെ തീരുമാനം.
ഉപ്പട്ടി-അത്തിക്കുന്ന് റോഡില്‍ യാത്ര അതിദുഷ്‌കരം
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ ഉപ്പട്ടി-അത്തിക്കുന്ന് റോഡ് പാടെ തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി. പന്തല്ലൂരില്‍ നിന്ന് ഗൂഡല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടാകുമ്പോള്‍ ബദല്‍ റോഡായി ഉപയോഗപ്പെടുത്താറുള്ള റോഡാണിത്.
നിലവില്‍ റോഡ് കുണ്ടും കുഴിയുമായി ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. ഗട്ടറില്‍ വീണ് വാഹഹനങ്ങള്‍ റോഡില്‍ കേടാകുന്നതും പതിവ് കാഴ്ചയാണ്. ഇതോടെ പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
റോഡ് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതായി പരാതി
കണിയാമ്പറ്റ: കണിയാമ്പറ്റ സ്‌കൂളിനു സമീപമുള്ള മോതിരകുനി റോഡ് കരാറുകാരന്‍ പാതിവഴില്‍ ഉപേക്ഷിച്ചതായി പരാതി. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ സ്ഥലത്തേക്ക് ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് റോഡ് പാസായത്. പക്ഷെ കരാറുകാന്‍ റോഡിന്റെ രണ്ട് സൈഡ് ഭിത്തി മാത്രം കെട്ടി റോഡ് പണി ഉപേക്ഷിക്കുകയായിരുന്നു.
മഴക്കാലമായതോടെ റോഡ് ചളിക്കുളമായിരിക്കുകയാണ്. സൈഡ് ഭിത്തികെട്ടിയ റോഡില്‍ മണ്ണ് നിറക്കേണ്ട ജോലിയാണ് ഇപ്പോള്‍ ബാക്കിയുള്ളത്. കരാറുകാരനോട് റോഡ് പ്രവര്‍ത്തിയെപറ്റി ചോദിച്ചപ്പോള്‍ തനിക്ക് ലഭിച്ച കരാറില്‍ മണ്ണ് നിറക്കുന്ന ജോലി ഇല്ലെന്നുള്ള മറുപടിയാണ് കിട്ടിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അടിയന്തരമായി റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കി സഞ്ചായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."