സഹപ്രവര്‍ത്തകയുടെ മരണം: ബിഹാറില്‍ കലാപം നടത്തിയ 175 പൊലിസ് ട്രെയ്നികളെ പിരിച്ചുവിട്ടു
പട്ന: ബിഹാറില്‍ സഹപ്രവര്‍ത്തകയുടെ മരണത്തില്‍ പ്രതിഷേധിച്ച് അക്രമം നടത്തിയ 175 പൊലിസ് ട്രെയ്നികളെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.
ഡെങ്കിപ്പനി ബാധിച്ചിട്ടും അവധി നല്‍കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ വനിതാ കോണ്‍സ്റ്റബിള്‍ മരിക്കാനിടയായ സംഭവത്തിലാണ് പൊലിസ് ട്രെയിനികള്‍ അക്രമം അഴിച്ചുവിട്ടത്. വനിതകളടക്കം 400 പൊലിസ് ട്രെയിനികളാണ് അക്രമം അഴിച്ചുവിട്ടത്. ഇവരില്‍ 175 പേരെയാണ് പിരിച്ചുവിട്ടത്. ഇവരില്‍ കൂടുതല്‍ പേരും വനിതകളാണ്.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ വരുമെന്നും പട്ന മേഖലാ പൊലിസ് ഐ.ജി നെയ്യാര്‍ ഹസ്നെയ്ന്‍ ഖാന് പറഞ്ഞു.
23 പേര്‍ക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ട്രെയ്നികള്‍ക്ക് ഡ്യൂട്ടി വീതിച്ചു നല്കാന് ഉത്തരവാദപ്പെട്ടവരാണ് ഇവരെന്ന് ഐ.ജി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലിസ് ട്രെയ്നി സവിതാ പഥക് സ്വകാര്യ ആശുപത്രിയില്‍ അസുഖം മൂര്‍ച്ഛിച്ച് മരിച്ചത്.
അസുഖമായിരുന്നിട്ടും അവധി നല്‍കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതാണ് മരണത്തിലേക്ക് നയിച്ച കാരണമെന്ന് ആരോപിച്ചാണ് ട്രെയ്നികള്‍ അക്രമം അഴിച്ചുവിട്ടത്. അവധി നിഷേധിച്ച ഉദ്യോഗസ്ഥനെയും കുടുംബത്തേയും ട്രെയ്നികള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."