ഡോ. കഫീല്‍ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് യു.പി സര്‍ക്കാര്‍
ലഖ്‌നോ: ഗോരഖ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്‌സിജന്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേസുകളെടുത്ത ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് യു.പി സര്‍ക്കാര്‍. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തില്‍ വ്യക്തമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് യു.പി സര്‍ക്കാര്‍ പ്രസ്താവനയിറക്കിയത്.
2017 ഓഗസ്റ്റില്‍ ആശുപത്രിയില്‍ നടന്ന കുട്ടികളുടെ മരണത്തില്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനാണെന്നാണ് കേസ്. കഫീല്‍ ഖാനെതിരായി വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ നടപടിയെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
മാധ്യമങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയെന്നതാണ് കഫീല്‍ ഖാനെതിരായ കേസ്. ഡോക്ടര്‍ക്കെതിരായ നാല് കേസുകളില്‍ രണ്ടെണ്ണം സത്യമാണെന്ന് തെളിഞ്ഞതായും അതിലുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഇത് കൂടാതെ ഉത്തരവ് പാലിക്കാത്ത കേസും ഇദ്ദേഹത്തിനെതിരെയുണ്ട്. സര്‍ക്കാര്‍ ജോലിയിലിരിക്കെ തന്നെ മെഡിസ്പ്രിങ് ഹോസ്പിറ്റല്‍ എന്ന പേരില്‍ ഒരു നഴ്‌സിംഗ് ഹോം നടത്തിയതായും ആരോപണമുണ്ട്. സര്‍ക്കാര്‍ വിരുദ്ധവും രാഷ്ട്രീയപരവുമായ പ്രസ്താവനകള്‍ ഡോക്ടര്‍ നടത്തിയെന്നതാണ് മറ്റൊരു ആരോപണം.
അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നീ കുറ്റങ്ങളില്‍ നിന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണത്തിനൊടുവില്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയെന്നു വാര്‍ത്തവന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച ബി.ആര്‍.ഡി അധികൃതര്‍ അദ്ദേഹത്തിന് കൈമാറി. സംഭവം നടക്കുമ്പോള്‍ ഡോ. കഫീല്‍ എന്‍സെഫലൈറ്റിസ്(മസ്തിഷ്‌കവീക്കം) വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ ആയിരുന്നില്ല. അവധിയിലായിരുന്നിട്ടും, സ്വന്തംനിലയ്ക്ക് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്‌സിജന്റെ വിതരണത്തിനും ടെന്‍ഡര്‍, പണമടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഡോ. കഫീലിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍, ആഗസ്റ്റ് 1012 വരെ 54 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. 15 പേജുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ന്യൂസ് 18 ആണ് പുറത്തുവിട്ടത്.
2017 ആഗസ്റ്റില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 60 ലധികം കുട്ടികള്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. വിതരണക്കാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."