കേരള ബാങ്ക് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ചെര്‍പ്പുളശ്ശേരി: കേരളത്തിന് സ്വന്തമായി ബാങ്ക് എന്ന ലക്ഷ്യവുമായാണ് സഹകരണ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയില്‍ പുതുതായി തുടങ്ങിയ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം സ്വീകരിച്ചായിരിക്കും കേരള ബാങ്ക് എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കുക. സര്‍ക്കാര്‍ ആദ്യഘട്ടമായി 64 കോടി രൂപ നിക്ഷേപിക്കും. അഴിമതിരഹിതവും ജനക്ഷേമവുമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സഹകാരികള്‍ക്കൊപ്പമായിരിക്കും ഈ ഗവണ്‍മെന്റ്. വിഷാംശകലര്‍ന്ന പച്ചക്കറികളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മലയാളികളെ രോഗങ്ങള്‍ക്ക് അടിമകളാക്കി.
പഴയ സംസ്‌കാരത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് മാത്രമാണ് ഇതിന് പോംവഴി. അതിനുവേണ്ടിയാണ് ഹരിതകേരളം, ആര്‍ദ്രം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിനുതന്നെ ആഭിമാനമാണ്. ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് വികസിത രാജ്യങ്ങളുമായാണ്. സഹകരണമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് വില കൊടുക്കാനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
55 ലക്ഷം രൂപ ചെലവില്‍ ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയില്‍ നിര്‍മിച്ച ഡയാലിസിസ് യൂനിറ്റില്‍ ആറ് യന്ത്രങ്ങളുടെ സഹായത്തോടെ ഒരേ സമയം 12 രോഗികള്‍ക്ക് രക്ത ശുദ്ധീകരണം നടത്താനാകും.
രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുക. മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ വൃക്കരോഗികള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാകും.
മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ നീതി മെഡിക്കല്‍ സെന്ററില്‍ പുതുതായി തുടങ്ങിയ ഡയാലിസിസ് യൂനിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ പി.കെ. ശശി എം.എല്‍.എ അധ്യക്ഷനായി. ആശുപത്രി ചെയര്‍മാന്‍ പി.എ. ഉമ്മര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."