ബോംബേറ് കേസില്‍ ഇര പ്രതിയായി മാറി: സംഘര്‍ഷമുണ്ടാക്കാനുള്ള നാടകം പൊളിഞ്ഞതോടെ വലയിലായത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സഹായിയും
മാഹി: ബോംബേറ് കേസില്‍ ഇര പ്രതിയായി മാറി. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായി കളിച്ച നാടകം പൊളിഞ്ഞതോടെ യഥാര്‍ഥ പ്രതികള്‍ വലയിലുമായി. മാഹിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ബോംബേറ് ബ്രാഞ്ച് സെക്രട്ടറിയും സഹായിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതെതാന്ന് പൊലിസ് പറയുന്നത്. സംഭവത്തില്‍ പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു, സഹായി വിനോദ് എന്നിവരെ മാഹി പൊലിസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലിസ് പറയുന്നത്.
സ്കൂട്ടറില്‍ പോകുന്ന ബിജുവിന് നേരെ ഒരു സംഘം ബോബെറിഞ്ഞെന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ സംശയം തോന്നിയ പൊലിസ് ബിജുവിന്റെ സഹായി വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കള്ളിവെളിച്ചത്തായത്. ബിജുവിന്റെ അറിവോടെ താനാണ് ബോംബെറിഞ്ഞതെന്ന് വിനോദ് പൊലിസിനോട് കുറ്റസമ്മതവും നടത്തി. പൊലിസ് കസ്റ്റഡിയിലെടുത്ത ബിജുവിനെയും വിനോദിനെയും മാഹി കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."