ആരോഗ്യവകുപ്പിന്റെ നിര്‍ദേശം; സൂക്ഷിക്കുക...പകര്‍ച്ചവ്യാധികളെ
കല്‍പ്പറ്റ: ജലജന്യവും ജന്തുജന്യവും കൊതുകുജന്യവുമായ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അറിയിച്ചു. വയറുകടി, വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനപ്പെട്ട ജലജന്യരോഗങ്ങള്‍. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാല്‍ ഈ രോഗങ്ങളെ തടഞ്ഞു നിര്‍ത്താം.
തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുകയും മലമൂത്ര വിസര്‍ജനത്തിനുശേഷവും ആഹാരം കഴിക്കുന്നതിനുമുമ്പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, മന്ത്, ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി എന്നിവയാണ് കൊതുകുജന്യരോഗങ്ങളില്‍ ശ്രദ്ധിക്കേണ്ടത്.
വെളളം സൂക്ഷിച്ചുവെക്കാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ അടച്ചുവെക്കണം. ആഴ്ചയിലൊരിക്കല്‍ ഉണക്കണം. ചെടിച്ചട്ടികളില്‍ വെളളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ചിരട്ടകള്‍ കമഴ്ത്തി ഇടുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിലിടുകയോ മണ്ണിട്ടുനിറയ്ക്കുകയോ ചെയ്യുക. ഫ്രിഡ്ജ്, കൂളര്‍ എന്നിവയുടെ അടിയില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
ഉപയോഗ ശൂന്യമായ കിണറുകളും കുളങ്ങളും മണ്ണിട്ടു മൂടുകയോ കൂത്താടികളെ തിന്നുന്ന മത്സ്യങ്ങളെ അവയില്‍ നിക്ഷേപിക്കുകയോ ചെയ്യുക. കെട്ടിടങ്ങളുടെ ടെറസ്സില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കിവിടുക. കവുങ്ങിന്‍ പാളകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത രീതിയില്‍ നശിപ്പിക്കുക. എലിപ്പനിയാണ് ജന്തുജന്യരോഗങ്ങളില്‍ പ്രധാനം, കടുത്തപനി, തലവേദന, വിറയല്‍, സന്ധിവേദന കണ്ണിന് ചുവപ്പ് എന്നിവ എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങളാകാം.
കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ അഴുക്കുവെളളത്തില്‍ സ്പര്‍ശിക്കരുത്. ചപ്പുചവറുകള്‍ കുന്നുകൂടുന്നതും, മലിനജലം കെട്ടി നില്‍ക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഡിഫ്തീരിയക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. പനിയും തൊണ്ടവേദനയുമാണ് ലക്ഷണങ്ങള്‍.
ബാക്ടീരിയയാണ് രോഗകാരണം. പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിലൂടെ ഈ രോഗം ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താന്‍ കഴിയും. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടായാല്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുളള സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ദ ചികിത്സ തേടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."