പാങ്ങോട് ഭരതന്നൂര്‍ ഗ്രാമങ്ങള്‍ ഇനി കാവല്‍ കണ്ണുകളുടെ സുരക്ഷയില്‍
നെടുമങ്ങാട്: പാങ്ങോട്, ഭരതന്നൂര്‍ ഗ്രാമങ്ങള്‍ ഇനി കാമറ നിരീക്ഷണത്തില്‍. പദ്ധതിയുടെ ഔദ്യാഗികമായ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് പാങ്ങോട് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടന്നു. സര്‍ക്കാര്‍ സാമ്പത്തിക സഹായം ഒന്നും തന്നെയില്ലാതെ പാങ്ങോട് പൊലിസും ജനകീയ കമ്മിറ്റിയും കൂടി ചേര്‍ന്ന് എട്ടു ലക്ഷം രൂപയോളം ചിലവഴിച്ചാണ് സി.സി.ടി.വി സ്ഥാപിച്ചത്. പാങ്ങോട് എസ് വളവു മുതല്‍ അയിരുമുക്കു വരെയും പാങ്ങോട് ബസ് സ്റ്റാന്‍ഡ് മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങളും ഇനി മുതല്‍ കാമറയുടെ നിരീക്ഷണത്തിലായിരിക്കും. ഭരതന്നൂര്‍ സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ കരടിമുക്കുവരെയുമാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജങ്ഷനിലും 13 കാമറകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ മോണിറ്റര്‍ പാങ്ങോട് പൊലിസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, നാട്ടുകാര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ജനകീയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് സ്റ്റേഷന്‍ വളപ്പില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത അധ്യക്ഷയായി. ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലിസ് മേധാവി പി. അശോക് കുമാര്‍ ഐ.പി.എസ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍ കുമാര്‍, വെഞ്ഞാറമൂട് സി.ഐ ആര്‍. വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി, ബ്ലോക്ക് അംഗം കെ. അനില്‍കുമാര്‍, കോണ്‍ഗ്രസ് ഭരതൂര്‍ മണ്ഡലം പ്രസിഡന്റ് സതീതിലകന്‍, ജനകീയ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹസന്‍, പാങ്ങോട് എസ്.ഐ നിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."