ആയിത്തീരലുകളുടെ ആളല്‍
ആത്മാവിന്റെ ഹാലുകളുടെ, അവസ്ഥകളുടെ ആന്ദോളനം സൂഫിജ്ഞാനമണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ്. സൂഫികവിതകളില്‍ മറ്റൊന്നായിത്തീരലിന്റെ രൂപകം സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുള്‍ സ്ഥായിയായ നില്‍പ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതല്‍ മികവുറ്റതൊന്നിലേക്കുള്ള തെന്നലില്‍ പൂര്‍ണതയിലേക്കുള്ള പുറപ്പാടുകള്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പറുദീസയെത്തുവോളം, പടച്ചവനില്‍ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂര്‍ണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മള്‍ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളില്‍ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം മുന്നോട്ടും പിന്നോട്ടുമുളള യാത്രയാണത്. അനശ്വരമായ പൂര്‍ണതയിലേക്കുള്ള പുരോയാനം നശ്വരമായ കലര്‍പ്പുകളില്‍ നിന്നു മുക്തമാകല്‍ കൂടിയാണ് എന്ന അര്‍ഥത്തില്‍. പടിപടിയായി ഓരോന്നായിത്തീരുകയും അടുത്തഘട്ടത്തില്‍ അതിനെ നിഷേധിച്ച് അതിലപ്പുറമുള്ള മറ്റൊന്നിലേക്കു മുന്നേറുകയും ചെയ്യുന്ന ആയിത്തീരലുകളുടെയും അതിജയിക്കലിന്റെയുമൊരു തുടര്‍ച്ച ഈ കവിതയില്‍ കാണാം.
ജയ്പൂരില്‍ ജനിച്ചുവളര്‍ന്ന് വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ കവിയും പണ്ഡിതനും ദാര്‍ശനികനുമായിരുന്നു ഹസ്‌റത് സഹീന്‍ ഷാഹ് താജി (ശരിയായ പേര് മുഹമ്മദ് തൗസീന്‍). ഖലീഫ ഉമര്‍ ഫാറൂഖിന്റെ പരമ്പരയില്‍ പെട്ട ഇദ്ദേഹം ചിശ്തിയ ത്വരീഖത്താണ് പിന്തുടര്‍ന്നിരുന്നത്. ബഹുഭാഷാപണ്ഡിതനായിരുന്ന സഹീന്‍ ഷാഹ് മഹാസൂഫികളായിരുന്ന ഇബ്‌നു അറബിയുടെയും മന്‍സൂര്‍ ഹല്ലാജിന്റെയും വിശ്രുതരചനകള്‍ ഉര്‍ദുവിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ആബിദ പര്‍വീന്‍ പാടിയ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിനാധാരം.
ജീ ചാഹേ തോ ശീഷ ബന്‍ ജാ ്യു
ഹസ്‌റത് സഹീന്‍ ഷാഹ് താജി
നിനക്കു വേണമെങ്കിലൊരു കോപ്പയാവുക,
നിനക്കു വേണമെങ്കിലൊരു ചഷകമാവുക.
കോപ്പയും ചഷകവുമായിട്ടെന്ത്,
നീ വീഞ്ഞാവുക, മദ്യശാലയാവുക.
വീഞ്ഞും മദ്യശാലയുമായി മാറി
നീയൊരുന്മാദകഥനമാവുക.
ഒരുന്മാദകഥയായിമാറി നീ
ജീവിതത്തോടന്യനായിത്തീരുക.
ജീവിതത്തോടന്യനായിത്തീരല്‍
ഒരുന്മാദകഥയായിമാറല്‍,
അതായിത്തീരലും ഇതായിമാറലും...
അതിലൊക്കെ ഭേദം
നീയൊരു പ്രണയോന്മാദിയാവലാണ്
പ്രണയോന്മാദിയായി മാറുന്നതിലും നല്ലത്
പ്രണയോന്മാദിയായിരിക്കലാണ്.
അതിലുമെത്രയോ നല്ലത്
പ്രണയിനിയുടെ വീട്ടുവാതില്‍ക്കലെ മണ്ണാവലാണ്.
പ്രണയിനിയുടെ വീട്ടുവാതില്‍ക്കലെ മണ്ണെന്ത്
സ്‌നേഹിക്കുന്നവരുടെ കണ്ണിലെ സുറുമയാവുക.
മെഴുകുതിരിയുടെ ഹൃദയത്തിലെ കുളിര്‍മയാവുക,
ഹൃദയജ്വാലയിലെ ഈയാംപാറ്റയാവുക.
ഉള്ളില്‍നിന്നാളിക്കത്താന്‍, പ്രിയനേ പഠിക്കുക,
നാളമോരോന്നിലും കത്താന്‍
വെമ്പുന്നതെന്തിനു നീ?
അകത്തുള്ള തീയില്‍ വെന്തുനീയുരുകുക
അങ്ങനെതീരുമൊരീയാംപാറ്റയാവുക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."