ഗുരുവായൂര്‍ ഹര്‍ത്താല്‍; സഹകരണബാങ്ക് അടപ്പിക്കാനുള്ള ശ്രമത്തില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരുക്ക്
ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച മദ്യവില്പനശാല അടച്ചുപ്പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ജനകീയ സമരസമിതി ഗുരവായൂര്‍ നഗരസഭാ പ്രദേശത്ത് നടത്തിയ ഹര്‍ത്താല്‍ സംഘര്‍ഷാവസ്ഥയിലെത്തി. സി.പി.എം ഭരിക്കുന്ന ചൊവ്വല്ലൂര്‍പ്പടിയിലെ തൈക്കാട് സര്‍വിസ് സഹകരണ ബാങ്ക് അടപ്പിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലെത്തിയത്. സംഘര്‍ഷത്തില്‍ രണ്ട് പൊലിസുകാര്‍ക്കും കെ.എസ്.യു പ്രവര്‍ത്തകനും പരുക്കേറ്റു.
രാവിലെ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിനുമുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ കൊടി നാട്ടി കുത്തിയിരിപ്പുസമരം തുടങ്ങി. ബാങ്കിന്റെ ഷട്ടര്‍ അടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് തടഞ്ഞു. ഇവരെ പൊലിസ് ബലംപ്രയോഗിച്ച് നീക്കുനതിനിടെ കെ.എസ്.യു ജില്ലാസെക്രട്ടറി ഗോകുലിന്റെ കൈമുറിഞ്ഞു. ഇതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും പിടിവലിയുമായി. വിവരം അറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരും പൊലിസും സ്ഥലത്ത് എത്തിയതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷാവസ്ത നിലനിന്നു. രണ്ടുമണിക്കൂര്‍ നേരം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ആന്റോ തോമസ്, ജലീല്‍ പണിക്കവീട്ടില്‍, ബഷീര്‍ പൂക്കോട്, ടി.കെ.വിനോദ് കുമാര്‍, നേതാക്കളായ കെ.പി.ഉദയന്‍, കണ്ണത്ത് രാജേന്ദ്രന്‍ തുടങ്ങീ 12 ഓളം പേരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. ഗുരുതരമായ പരുക്കുകളോടെ ഗോകുലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആയിരത്തോളം വരുന്ന സമരസമിതി പ്രവര്‍ത്തകര്‍ കണ്ടാണശ്ശേരി പൊലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷനുമുന്നില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഡി.സി.സി.ജനറല്‍ സെക്രട്ടറി വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ റഷീദ് കുന്നിക്കല്‍ അധ്യക്ഷനായി. കണ്‍വീനര്‍ റഹ്മാന്‍ തിരുനെല്ലൂര്‍, എ.ടി.സ്റ്റീഫന്‍, ബാബു ആളൂര്‍, കെ.ടി.ബാലന്‍, ഒ.കെ.ആര്‍.മണികണ്ഠന്‍, സുരേഷ് ചങ്കത്ത്, തോമസ് ചിറമല്‍, അബ്ദുള്ളമോന്‍, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മദ്യഷാപ്പിനെതിരെ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന്റെ 17 ാമത്തെ ദിവസമായ വെള്ളിയാഴ്ച ഗുരുവായൂരില്‍ പ്രാദേശിക ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരുന്നത്. ഹര്‍ത്താല്‍ ശക്തമായത് തൈക്കാട്-ചൊവ്വല്ലൂര്‍പ്പടി മേഖലകളിലാണ്. എല്ലാ കടകളും അടച്ചു. നഗരസഭയിലെ മറ്റ് പ്രദേശങ്ങളേയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. തൃശൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള ബസുകള്‍ കൂനംമുച്ചി, കണ്ടാണശ്ശേരി ഭാഗങ്ങളിലെത്തി സര്‍വിസ് നിര്‍ത്തി. ചൊവ്വല്ലൂര്‍പ്പടിയില്‍ ചെറിയ വാഹനങ്ങള്‍ പോലും ഓടുന്നത് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."