ഭൂമിക്ക് വേണ്ടി ഒരു ഗ്രേറ്റ് പോരാളി
കാലം കഴിയുന്തോറും കാലാവസ്ഥാ വ്യതിയാനങ്ങള്‍ രൂക്ഷമാവുകയാണ്. മഴയ്ക്കായി കാത്തിരിക്കുമ്പോള്‍ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാതിരിക്കുക, ഉഷ്ണകാലത്ത് അസഹനീയ ചൂടിനാല്‍ സൂര്യാതപം ഏല്‍ക്കല്‍, രാവിലെ, ഉച്ച, അപരാഹ്ന, രാത്രി വ്യത്യാസമില്ലാതെ നഗരങ്ങള്‍ പുകയില്‍ മുങ്ങി ശ്വാസംമുട്ടി പുറത്തിറങ്ങാന്‍ സാധിക്കാതെയാവുക ഇങ്ങനെ ജനജീവിതം തന്നെ താറുമാറാവുന്ന അനുഭവങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഈ വ്യതിയാനത്തിന്റെ ഉത്തരവാദിത്തത്തില്‍ ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മറുവഴി കാണാനായി ഇറങ്ങിയിട്ടില്ലെങ്കില്‍ നാളെയുടെ ജീവിതം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാണ് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി ഇക്കഴിഞ്ഞ 20ന് വെള്ളിയാഴ്ച 163 രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.
കാലാവസ്ഥാ വ്യതിയാനത്തിന് തടയിടാനായി ഭരണകൂടങ്ങള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വന്‍കരകളിലായി 2500 പ്രതിഷേധ സംഗമങ്ങളാണ് അന്നു നടന്നത്. ഈ പ്രതിഷേധങ്ങള്‍ക്ക് പ്രേരകമായത് പതിനാറുകാരിയായ സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രേറ്റ തന്‍ബര്‍ഗിന്റെ 'ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍' എന്ന പ്രതിഷേധമായിരുന്നു. ലോകം മുഴുവന്‍ ആളിപ്പടരാന്‍ മാത്രം ശക്തിയുള്ളതായിരുന്നു ആ സ്വീഡിഷ് പെണ്‍കുട്ടിയുടെ കാലാവസ്ഥയ്ക്കായുള്ള പോരാട്ടങ്ങള്‍. ഉച്ചകോടികളുടെ പേരുകളില്‍ മാത്രം കാലാവസ്ഥയെന്ന് എഴുതിച്ചേര്‍ത്ത്, വേണ്ട നടപടികളൊന്നും സ്വീകരിക്കാത്ത ലോക നേതാക്കള്‍ ഗ്രേറ്റയെന്ന കൗമാരിക്കാരിയെ സാകൂതം ശ്രവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
ഗ്രേറ്റയിലെ പോരാളിയുടെ പിറവി
നടന്‍ സാവന്റെ തന്‍ബര്‍ഗിന്റെയും ഒപേറ ഗായിക മലേന എണ്‍മാനിന്റെയും മകളായി 2003 ജനുവരി മൂന്നിനാണ് സ്റ്റോക്ക്‌ഹോമിലായിരുന്നു ഗ്രേറ്റയുടെ ജനം. എട്ടാം വയസിലാണ് കാലാവസ്ഥാ വ്യതിയാനത്തിലൂടെ ലോകത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഗ്രേറ്റ അറിയുന്നത്. തുടര്‍ന്ന് ഭാവി ദിനങ്ങളെ ഓര്‍ത്ത് ഉത്കണ്ഠാകുലയായി. ദിവസങ്ങള്‍ കഴിയുന്തോറും ആകുലതകള്‍ക്ക് ഘനം വര്‍ധിക്കാന്‍ തുടങ്ങി. പതിനൊന്നാം വയസില്‍ നിരാശയായി ബന്ധുക്കളോടു പോലും സംസാരിക്കാതെ അവള്‍ ഒറ്റപ്പെടാന്‍ തുടങ്ങി. ഒ.സി.ഡി, സെലക്ടീവ് മ്യൂട്ടിസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ തേടി.
സ്‌കൂള്‍ കാലയവളവില്‍ എല്ലാവരെയും പോലെ ഗ്രേറ്റക്കും നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. ബഹിരാകാശ യാത്രിക, നടി, ഗായിക, ശാസ്ത്രജ്ഞ, കര്‍ഷക, പൊലിസുകാരി, രാഷ്ട്രീയം, ഡോക്ടര്‍ ഇങ്ങനെ നീണ്ടതായിരുന്നു ആ മോഹങ്ങളുടെ ലിസ്റ്റ്. ഇതില്‍ ഏത് കരിയറായി തെരഞ്ഞെടുക്കുമെന്നത് ബുദ്ധിമുട്ടാണ്. ഓരോന്നും വിഭിന്ന മേഖലകളാണ്. എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കുന്നതിന്റെ മുന്‍പ് അത് കെട്ടിപ്പെടുക്കാന്‍ സ്വച്ഛന്ദമായ വായുവും അന്തരീക്ഷവും അനിവര്യമാണ്. ഇല്ലെങ്കില്‍ 'നാളെ' തന്നെ ഇല്ലാതെയാവും. അതില്‍ ഭൂമിക്കായി, എല്ലാവര്‍ക്കുമായി പോരാട്ടം നടത്തലാണ് ഏറ്റവും അനിവാര്യമെന്ന് തിരിച്ചറിഞ്ഞ് പോരാട്ടത്തിന്റെ പുതിയ ഇടങ്ങള്‍ കണ്ടെത്തുകയായിരുന്നു ഗ്രേറ്റ. ലോകം മാറുമെന്ന പ്രതീക്ഷയില്ലെങ്കിലും മുന്നേറ്റങ്ങള്‍ തുടരുമെന്ന് തീരുമാനിച്ചുറപ്പിച്ചതാണ്. പ്രതീക്ഷയില്ലായ്മ എന്നുള്ളത് എന്തെങ്കിലും ചെയ്യാതിരിക്കുന്നതിനുള്ള കാരണമല്ലെന്നാണ് ഗ്രേറ്റയുടെ ഭാഷ്യം. പന്ത്രണ്ടാം വയസ് മുതല്‍ പ്രകൃതിക്കായുള്ള സ്വന്തം കരുതിവയ്പ്പുകള്‍ നടത്താന്‍ ഗ്രേറ്റ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു കാര്‍ബണ്‍ പുറത്തുതള്ളുന്നു എന്ന കാരണത്താല്‍ വിമാനയാത്ര പോലും ഉപേക്ഷിച്ചത്.
ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍
2018 ജൂണിലാണ് ഗ്രേറ്റ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്യുന്നത്. പതിനഞ്ചുകാരിക്ക് ഇന്‍സ്റ്റഗ്രാം ലഭിക്കുമ്പോള്‍ എല്ലാവരെയുംപോലെ സ്വന്തം ചിത്രങ്ങളാണ് അവള്‍ ആദ്യ കാലങ്ങളില്‍ പങ്കുവച്ചത്. വളര്‍ത്തുനായ റോക്‌സിക്കൊപ്പമുള്ള വ്യത്യസ്ത ചിത്രങ്ങള്‍, ഗ്രാമത്തിലെ തക്കാളിപ്പാടങ്ങള്‍, പുഴകള്‍, വയലുകള്‍ തുടങ്ങി പ്രകൃതിയുടെ സൗന്ദര്യങ്ങള്‍ അപ്‌ലോഡ് ചെയ്തു. അതിനും ഒരു മാസം മുന്‍പേ ഒരു സ്വീഡിഷ് ദിനപത്രം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രബന്ധ മത്സരത്തില്‍ ഗ്രേറ്റ വിജയിച്ചിരുന്നു. ഇതിനിടെ ഓഗസ്റ്റ് 20ന് സ്വീഡന്‍ പാര്‍ലമെന്റിന് മുന്നില്‍ നിന്നുള്ള ചിത്രം ഗ്രേറ്റ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കേവലം ഒരു സെല്‍ഫിയായിരുന്നില്ല അത്, കാലാവസ്ഥ വ്യതിയാനത്തെ തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത സ്വീഡിഷ് സര്‍ക്കാറിനെതിരെ പ്രതിഷേധത്തിന് തുടക്കം കുറിച്ചുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ ഒന്‍പത് വരെ സ്‌കൂള്‍ ഉപേക്ഷിച്ച് പ്രതിഷേധം തുടരാന്‍ തന്നെയായിരുന്നു ഗ്രേറ്റയുടെ തീരുമാനം. ഈ സമര മാര്‍ഗത്തിന് ഗ്രേറ്റയ്ക്ക് പ്രചോദനമായത്, അതേവര്‍ഷം ഫ്രെബുവരിയില്‍ യു.എസിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് സ്‌കൂളില്‍ നിരവധി സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ട വെടിവയ്പ്പില്‍ പ്രതിഷേധിച്ച് ദിവസങ്ങളോളം പഠനം ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതില്‍ നിന്നായിരുന്നു. സ്വീഡനിലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം എല്ലാവെള്ളിയാഴ്ചയും സമരവുമായി ഗ്രേറ്റ എത്തി. ഇതാണ് ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍ (ഭാവിക്കു വേണ്ടി വെള്ളിയാഴ്ച) എന്ന മുന്നേറ്റത്തിന് തുടക്കമില്ലത്.
കത്തിപ്പടര്‍ന്ന സമരധ്വനി
സമരം തുടര്‍ന്ന ഗ്രേറ്റയ്ക്ക് പിന്തുണയുടെ സഹപാഠികളും കൂട്ടിനെത്തി. പ്രതിഷേധ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. സ്വീഡിഷ് സംരംഭകനും പരിസ്ഥിതിവാദിയുമായി ഇങ്ക്മാര്‍ റെന്റ്‌സോഗ് സമരത്തിന് എക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇതോടെ പ്രാദേശിക മാധ്യമങ്ങള്‍ ഗ്രേറ്റയുടെ പോരാട്ടത്തെ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നു. എന്നാല്‍ തന്റെ സമരം ഉപയോഗിച്ച് റെസോഗ് സ്വന്തം കമ്പനിക്കായി ക്രൗഡ് ഫണ്ടിങ് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ ഉപേക്ഷിച്ച് സമരവുമായി ഗ്രേറ്റ മുന്നോട്ടുനീങ്ങി. നിരവധി ആക്ടിവിസ്റ്റുകള്‍ ഐക്യദാര്‍ഢ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ഗ്രേറ്റ നിരവധി വേദികളില്‍ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയിലൂന്നി സംസാരിച്ചു. നവംബര്‍ 24ന് സ്റ്റോക്ക്‌ഹോമില്‍ നടന്ന ടെഡ്.എക്‌സ് ടോക്കിലൂടെ ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍ സമരം ലോകവ്യാപകമായി പ്രചരിച്ചു.
ഡിസംബറില്‍ ഗ്രേറ്റ യു.എന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ലോക നേതാക്കളോട് നടത്തിയ ആ പ്രസംഗം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 2019 ജനുവരിയില്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഒരുമിക്കാന്‍ ലോക നേതാക്കളോട് ഗ്രേറ്റ ആഹ്വാനം ചെയ്തു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 125 രാജ്യങ്ങളിലായി നടന്ന 2000 ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍ സമരത്തില്‍ പത്തുലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഗ്രേറ്റയുടെ നേതൃത്വത്തില്‍ മുന്‍പ് നടന്ന രണ്ട് ആഗോള സമരത്തിലും വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുത്തത്.
പിന്മാറ്റമില്ല, ആരൊക്കെ വഴിപിരിഞ്ഞാലും
യു.എന്നിന്റെ കാലാവസ്ഥാ ഉച്ചകോടിക്കായി ഗ്രേറ്റ ഇംഗ്ലണ്ടിലെ പ്ലേമൗത്തില്‍ നിന്ന് കപ്പലിലേറിയയാണ് യു.എസിലേക്ക് എത്തിയത്. പായ്ക്കപ്പലില്‍ 15 ദിവസം കൊണ്ട് അറ്റ്‌ലാന്റിക്ക് സമുദ്രം താണ്ടിയാണ് ഗ്രേറ്റ, യു.എസിലെ മാന്‍ഹാട്ടനിലെത്തിയത്. ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിച്ച ഗ്രേറ്റ കാര്‍ബണ്‍ പുറന്തള്ളുന്നതിനെ തടയിടാന്‍ ശ്രമിക്കാതിരുന്ന കഴിഞ്ഞ തലമുറകളെ കുറ്റപ്പെടുത്തി. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടങ്ങള്‍, തടയാന്‍ കഴിയാത്ത മുന്നേറ്റമാണെന്നും ഭാവിയ്ക്കായി യുവജനത ഒന്നാണെന്നാണ് ഈ ഐക്യം വ്യക്തമാക്കുന്നതെന്നും ഗ്രേറ്റ ഉറക്കെ പറഞ്ഞു.
1990ല്‍ പുറത്തിറങ്ങിയ ടൈം മാഗസിനില്‍ ഭാവി തലമുറയിലെ എക്കോകിഡ്‌സുകളെ (പരിസ്ഥിതിക്കായി പോരാടുന്ന കുട്ടികള്‍) സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നേരത്തെയും നിരവധി കൗമാരക്കാര്‍ പരിസ്ഥിതിക്കായി ശബ്ദിച്ചിട്ടുണ്ട്. കാലപ്രവാഹത്തില്‍ ആ മുഖങ്ങളും സമാനമായ ആവേശങ്ങളും പലരിലും ചോര്‍ന്നിരുന്നു. എന്നാല്‍ മാധ്യമ കവറേജുകള്‍ കാലക്രമേണ ഇല്ലാതായാലും തന്റെ പോരാട്ടവുമായി മുന്നോട്ടുപോവുമെന്നാണ് ഗ്രേറ്റയുടെ ഉറച്ചവാക്കുകള്‍. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ കൊല്ലുന്ന സ്വാര്‍ഥന്മാരായ ഭരണകൂടങ്ങള്‍ക്കു മുന്നില്‍ പ്രതീക്ഷയുടെയും നല്ല നാളയുടെയും കെടാവിളക്കുകളാണ് ഗ്രേറ്റ തന്‍ബര്‍ഗ് നടത്തുന്ന പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."