ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല; ഉദ്യോഗാര്‍ഥികള്‍ അങ്കലാപ്പില്‍
തൊടുപുഴ: വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആദ്യ മന്ത്രിസഭാ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം ജില്ലയില്‍ ജലരേഖയായി. ജില്ലയിലെ എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ രണ്ടുവര്‍ഷത്തിനിടെ നിയമിച്ചതു 333 പേരെ മാത്രം. റാങ്ക് ലിസ്റ്റിലുള്ള ഭൂരിഭാഗം പേര്‍ക്കും ജോലി ലഭിക്കില്ലെന്ന ആശങ്കയുമായി ഉദ്യോഗാര്‍ഥികള്‍. 2000 പേരാണ് അന്തിമറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
ഓപ്പണ്‍ വിഭാഗത്തില്‍ വെറും 182 നിയമനങ്ങളാണ് ഇതുവരെ നടന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്തവര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കും. ജില്ലയില്‍ നൂറില്‍പരം ഒഴിവുകളുണ്ടായിട്ടും യഥാസമയം ഇവ റിപ്പോര്‍ട്ടു ചെയ്യാതെ അധികൃതര്‍ ഉരുണ്ടുകളിക്കുന്നതായി ആരോപണം. ഇതിനെതിരെ ശക്തമായ സമരം നടത്താനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
2015 മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍നിന്ന് ഓപ്പണ്‍ വിഭാഗത്തില്‍ 487 പേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ലിസ്റ്റില്‍നിന്ന് ഓപ്പണ്‍ വിഭാഗത്തില്‍ വെറും 182 നിയമനങ്ങളാണ് ഇതുവരെ നടന്നത്. ജില്ലയിലെ പല സര്‍ക്കാര്‍ വകുപ്പുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. പഞ്ചായത്ത് വകുപ്പില്‍ പുതിയ തസ്തിക സൃഷ്ടിച്ചതിലൂടെ ജില്ലയില്‍ ഒന്‍പത് ഒഴിവുകളാണു നിലവില്‍വന്നത്. എന്നാല്‍ ഇതു പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യുന്നതിന് ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
പട്ടികവര്‍ഗ വകുപ്പിനു കീഴില്‍ 15 ഒഴിവുകള്‍ നിലവിലുണ്ടെങ്കിലും ഇവ പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യാതെ താല്‍ക്കാലിക ജീവനക്കാരെ വച്ചു ജോലിചെയ്യിക്കുകയാണ് അധികൃതര്‍. സാമൂഹിക നീതി വകുപ്പില്‍ നാല് ഒഴിവുകള്‍ നിലവിലുണ്ടെങ്കിലും ഒരെണ്ണം പോലും പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യാതെ പൂഴ്ത്തിവച്ചിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പില്‍ മൂന്ന് ഒഴിവുകള്‍ നിലവില്‍ വന്നിട്ട് ഒരുവര്‍ഷത്തോളമായെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
പൊതുമരാമത്തു വകുപ്പില്‍ പത്തോളം ഒഴിവുകളാണു നിലവിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ ഈ വകുപ്പും അലംഭാവം കാട്ടുന്നതിന്റെ തെളിവാണ് മൂന്നു സ്‌കൂളുകളില്‍ ഒഴിച്ചിട്ടിരിക്കുന്ന എല്‍.ഡി ക്ലാര്‍ക്കിന്റെ പോസ്റ്റുകള്‍. ആരോഗ്യവകുപ്പില്‍ പത്തോളം ഒഴിവുകളാണു റിപ്പോര്‍ട്ടു ചെയ്യാതെ മാറ്റിവച്ചിരിക്കുന്നത്. ജലവിഭവവകുപ്പില്‍ 1800 തസ്തികകള്‍ വെട്ടിക്കുറച്ചത് തൊഴില്‍രഹിതരോടു കാട്ടിയ കടുത്ത വഞ്ചനയാണെന്നു ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."