ചലഞ്ചറില്‍ താരമാവാന്‍ വീണ്ടും വയനാടന്‍ 'മങ്ക'
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: വനിതാ ക്രിക്കറ്റില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തി വയനാട്ടില്‍ നിന്നും മറ്റൊരാള്‍കൂടി ചലഞ്ചര്‍ ട്രോഫി ടൂര്ണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അണ്ടര്‍-19 കേരള നായിക ഐ.വി ദൃശ്യയാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്റ്റേഡിയത്തില്‍ ഈമാസം 13 മുതല്‍ ആരംഭിക്കുന്ന അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ ഗ്രീന്‍ ടീമിനായാണ് ഇവിടെ ദൃശ്യ പാഡണിയുക. ഇതോടെ വനിതകളുടെ സീനിയര്‍ ചലഞ്ചര്‍ ട്രോഫിയിലും അണ്ടര്‍ 23 ചലഞ്ചര്‍ ട്രോഫിയിലും മത്സരിച്ച സജ്ന സജീവനും അണ്ടര്‍ 23 ചലഞ്ചര്‍ ട്രോഫിയില്‍ മത്സരിച്ച മിന്നുമണിക്കും പിന്നാലെ വയനാട്ടില്‍ നിന്ന് ദേശീയ ചാംപ്യന്ഷിപ്പലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ താരമായി മാറാനും ദൃശ്യക്ക് സാധിച്ചു. ഇക്കഴിഞ്ഞ അണ്ടര്‍-19 ടി-20 ചാംപ്യന്‍ഷിപ്പിലെ മികവാണ് ദൃശ്യക്ക് ചലഞ്ചറില്‍ മാറ്റുരക്കാനുള്ള അവസരമൊരുക്കിയത്.
അണ്ടര്‍-19 നായിക കൂടിയായ ദൃശ്യ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഹരിയാനക്കെതിരെ പുറത്താകാതെ 27, ഹിമാചലിനെതിരെ പുറത്താകാതെ 53, ഗോവക്കെതിരെ പുറത്താകാതെ 33, നാഗാലാന്‍ഡിനെതിരെ 45 പന്തില്‍ 63, ഉത്തരാഗണ്ഡിനെതിരെ പുറത്താകാതെ 57, ബംഗാളിനെതിരെ 27 പന്തില്‍ 35, ദല്‍ഹിക്കെതിരെ പുറത്താകാതെ 54, ബറോഡക്കെതിരെ പുറത്താകാതെ 28, ആന്ധ്രക്കെതിരെ 19 പന്തില്‍ 25 എന്നിങ്ങനെയായിരുന്നു ദൃശ്യയുടെ ബാറ്റിംഗ്. കഴിഞ്ഞ തവണ വയനാട് അന്തര്‍ ജില്ലാ ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായപ്പോള് ടീമിനെ നയിച്ച ദൃശ്യ, കേരളം ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു ചാംപ്യന്‍ഷിപ്പ് നേടിയ അണ്ടര്‍-23 വനിതാ ടീമിലും അംഗമായിരുന്നു. ബാറ്റിംഗില്‍ മധ്യനിരയില്‍ വിശ്വസ്ഥയായ ദൃശ്യക്ക് ലഭിച്ച ചലഞ്ചര്‍ ട്രോഫിയിലേക്കുള്ള ക്ഷണം അര്‍ഹതക്കുള്ള അംഗീകാരം തന്നെയാണ്. ദേശീയ ജഴ്സിയില്‍ ദൃശ്യയെ കാണുകയെന്നത് അതിവിദൂരമല്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ തന്നെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."