ആറിടത്ത് അഗതിരഹിത കേരളം പദ്ധതികള്‍ക്ക് അംഗീകാരം
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ജില്ലയിലെ ആറു പഞ്ചായത്തുകളില്‍ അഗതിരഹിത കേരളം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി. കുഴിമണ്ണ, മമ്പാട്, ഒതുക്കുങ്ങല്‍, കോഡൂര്‍, പൊന്മള, തിരുന്നാവായ പഞ്ചായത്തുകളുടെ അഗതിരഹിത കേരളം പദ്ധതികള്‍ക്കാണ് ചലഞ്ച് ഫണ്ട് നിശ്ചയിച്ച് അനുമതി നല്‍കിയത്.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ കത്തിലെയും റിപ്പോര്‍ട്ടിന്റെയും പദ്ധതി വിശദാംശങ്ങളുടേയും അടിസ്ഥാനത്തിലാണ് അനുമതി.
അഗതിരഹിത കേരളം പദ്ധതിക്ക് കീഴില്‍ ആറ് പഞ്ചായത്തുകളിലുമായി 847 ഗുണഭോക്താക്കളാണുള്ളത്. 181 ഗുണഭോക്താക്കളുള്ള മമ്പാട് പഞ്ചായത്തിലാണ് കൂടുതല്‍ പേരുള്ളത്. 94 പേരുള്ള പെന്മളയിലാണ് കുറവ് ഗുണഭോക്താക്കളുള്ളത്. കുഴിമണ്ണ-162, ഒതുക്കുങ്ങല്‍-121, കോഡൂര്‍-124, തിരുനാവായ 165 എന്നിങ്ങനെ ഗുണഭോക്താക്കളുമുണ്ട്.
7,84,22,442 രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുളളത്. ഇവയില്‍ 1,99,65 942 രൂപ ചലഞ്ച് ഫണ്ടായി ഉപയോഗിക്കണം. ഭക്ഷണം, ചികിത്സ, വസ്ത്രം, വീട് പുനരുദ്ധാരണം, ശൗചാലയം, ഭൂമി, കുടിവെള്ളം, വിദ്യാഭ്യാസം,മെഡിക്കല്‍ ക്യാംപ് തുടങ്ങിയവക്കായി സേവനങ്ങള്‍ നല്‍കണമെങ്കിലും ഫണ്ട് അനുവദിച്ചതിന്റെ കൃത്യത സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് മാത്രം ഫണ്ട് വിനിയോഗിക്കണം. ഭൂമിക്കുള്ള ഫണ്ട് അനുവദിച്ചിട്ടുള്ളത് തിരുന്നാവായ പഞ്ചായത്തിന് മാത്രമാണ്. നാലര ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. മമ്പാടിനും തിരുന്നാവായക്കും വസ്ത്രങ്ങള്‍ക്കുള്ള ഫണ്ടില്ല. കുടിവെള്ളത്തിന് 1,35,000 രൂപ കുഴിമണ്ണ പഞ്ചായത്തിന് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒതുക്കുങ്ങല്‍, പെന്മള എന്നീ പഞ്ചായത്തുകള്‍ക്കാണ് ശൗചാലയത്തിന് ഫണ്ടുളളത്.
വൈദ്യുതി, തൊഴിലഷ്ടിത പരിശീലനം, പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള ചെലവ്, കൗണ്‍സിലിങ് എന്നിവക്ക് ഒരു പഞ്ചായത്തിനും ഫണ്ടില്ല. എന്നാല്‍ ഈ സേവനങ്ങളെല്ലാം സര്‍ക്കാര്‍ ഫണ്ടില്ലാതെ ലഭ്യമാക്കാം.
മെഡിക്കല്‍ ക്യാംപില്‍ കുഴിമണ്ണ, തിരുനാവായ എന്നീ പഞ്ചായത്തുകളും ഒഴിവാണ്. പദ്ധതികളുടെ പേരില്‍ വിവിധ വഴികളില്‍ യഥേഷ്ടം ഫണ്ട് ചെലവഴിക്കുന്നത് തടയാനാണ് ഓരോ പ്രവര്‍ത്തികള്‍ക്കും ചെലവഴിക്കേണ്ട തുക സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."