ഖനനം തകൃതി; കൊല്ലംകൊല്ലിയും ഓര്‍മയാകുന്നു!
എന്‍.സി ഷെരീഫ് കിഴിശ്ശേരി
അരീക്കോട്: സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം കരിങ്കല്‍ ഖനനം തകൃതിയായി നടക്കുമ്പോഴും പ്രതിഷേധിക്കാന്‍ പോലുമാകാതെ പരിസരവാസികള്‍. ഏപ്രില്‍ പത്തിനാണ് ഏറനാട് മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലംകൊല്ലി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറ പൊട്ടിച്ചു തുടങ്ങിയത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ചീരാന്‍തൊടി മസൂദിന്റെയും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ചീരാന്‍തൊടി മസ്ഊദിന്റെയും നേതൃത്വത്തിലാണ് സുന്ദരമായ പ്രകൃതിയെ പൊട്ടിച്ചുതീര്‍ക്കുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ സഹായങ്ങള്‍ ക്വാറി മാഫിയക്ക് ലഭിച്ചതോടെ പരിസരവാസികളുടെ പ്രതിഷേധ സ്വരങ്ങള്‍ക്ക് അധികൃതര്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. സമര പരമ്പരകളെയും പ്രതിഷേധ സമരങ്ങളെയും വകവയ്ക്കാതെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പുതിയ പാറമട പ്രവര്‍ത്തനം ആരംഭിച്ചതോടെ ഭീതിയോടെയാണ് കഴിയുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്താണ് ഊര്‍ങ്ങാട്ടിരി. കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന പെരിങ്ങപ്പാറ ക്വാറിയില്‍നിന്നു ദിനേന നൂറുക്കണക്കിന് ലോഡ് കരിങ്കല്ലുകളാണ് കയറ്റികൊണ്ടുപോകുന്നത്. പ്രകൃതി സുന്ദരമായ കൊല്ലംകൊല്ലി പാറയുടെ താഴ്ഭാഗത്താണ് ഇപ്പോള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തംഗം ചീരാന്‍തൊടി മസൂദിന്റെ നേത്വത്തില്‍ പുതിയ ക്വാറി പ്രവര്‍ത്തനം ആരംഭിച്ച് പരിസ്ഥിതിക്ക് പരസ്യമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആരെങ്കിലും തയാറായാല്‍ സമരത്തിനിറങ്ങുമെന്നും ക്വാറി മാഫിയയുടെ ഭീഷണി കാരണം സ്വയം പ്രതിഷേധിക്കാന്‍ ഭയമാണെന്നുമാണ് പരിസരവാസികള്‍ പറയുന്നത്. നിരവധി ആദിവാസികളും ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രയാസമനുഭവിക്കുന്നുണ്ടെങ്കിലും ക്വാറി മാഫിയയെ ഭയന്ന് മൗനം പാലിക്കുകയാണ്. വീട് നിര്‍മിക്കാന്‍ സൗജന്യമായി കല്ലുകളും മറ്റു സഹായങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ക്വാറി മാഫിയ പ്രദേശവാസികളുടെ പ്രതിഷേധത്തെ മയപ്പെടുത്തുന്നത്. പ്രതിഷേധിക്കുന്നവരെ പണം കൊടുത്ത് സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരിസ്ഥിതി സുന്ദരപ്രദേശം പൂര്‍ണമായും പൊട്ടിച്ചുതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പെരിങ്ങപ്പാറ പൊട്ടിക്കുന്നതിന്റെ മറവിലാണ് ക്വാറി മാഫിയ കൊല്ലംകൊല്ലി കൂടി കൈപിടിയിലൊതുക്കിയിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തെ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അധികാരത്തിലേറിയതോടെ പാറ പൊട്ടിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കൊല്ലംകൊല്ലിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്ന ഡി.വൈ.എഫ്.ഐ ഇപ്പോള്‍ പ്രതിഷേധ സമരങ്ങളില്‍ നിന്ന് വിട്ടുനല്‍ക്കുകയാണ്. ക്വാറികളുടെ കടന്നുകയറ്റത്തില്‍ ഊര്‍ങ്ങാട്ടിരിയില്‍ ചെറുതും വലുതുമായി 20ല്‍ പരം അരുവികളും നീര്‍ചോലകളുമാണ് തകര്‍ക്കപ്പെട്ടത്. ഇത് കാട്ടരുവികളിലെ വെള്ളത്തെ ആശ്രയിച്ചിരുന്നവരെ ദുരിതത്തിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."