സി.ആര്‍.പി.എഫ് ജവാന്മാരുടെ റേഷന്‍ മുടങ്ങി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതു മൂലം രാജ്യത്തെ മൂന്നുലക്ഷത്തോളം വരുന്ന സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് റേഷന്‍ വിഹിതം മുടങ്ങി. സെപ്റ്റംബറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ലഭിക്കേണ്ട 3,000 രൂപയുടെ റേഷന്‍ വിഹിതമാണ് മുടങ്ങിയത്. പ്രതിമാസം ലഭിക്കുന്ന 3,000 രൂപയുടെ അലവന്‍സ് ഉപയോഗിച്ചാണ് ജവാന്‍മാര്‍ കാന്റീനുകളിലും മെസ്സുകളിലും ഭക്ഷണം തയാറാക്കുന്നത്.
ഇതുവരെ സര്‍ക്കാര്‍ ഫണ്ട് പാസാക്കാത്തതിനാല്‍ റേഷന്‍ വിഹിതം മുടങ്ങുമെന്ന് അറിയിച്ച് ജവാന്‍മാര്‍ക്ക് സി.ആര്‍.പി.എഫിന്റെ ആഭ്യന്തരസമിതി കത്ത് നല്‍കിയിരുന്നതായി ടെലഗ്രാഫ് റിപ്പോര്‍ട്ട്‌ചെയ്തു. ജൂലൈ 22നും ഓഗസ്റ്റ് എട്ടിനും സെപ്റ്റംബര്‍ ഒന്‍പതിനും റേഷന്‍ വിഹിതം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
800 കോടി രൂപയുടെ ഫണ്ടാണ് സര്‍ക്കാര്‍ നല്‍കാതിരുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പലപ്പോഴായി ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തെ സി.ആര്‍.പി.എഫ് അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശമ്പളത്തോടൊപ്പം റേഷന്‍ വിഹിതം നല്‍കാനായി 800 കോടിയുടെ അധിക ഫണ്ടാണ് സി.ആര്‍.പി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അധിക ഫണ്ടോ കരുതല്‍ പണമോ ലഭിച്ചില്ല. ഇക്കാരണത്താല്‍ സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പം റേഷന്‍ വിഹിതം വിതരണം ചെയ്യാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കുന്നുവെന്നാണ് കത്തിലുള്ളത്. ഇതാദ്യമായാണ് പ്രതിമാസ റേഷന്‍ വിഹിതം മുടങ്ങുന്നതെന്ന് പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന സി.ആര്‍.പി.എഫ് ജവാന്മാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, രണ്ട് ലക്ഷത്തോളം സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആറുമാസത്തെ റേഷന്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ കാന്റിനുകളും മെസ്സുകളും പ്രവര്‍ത്തിക്കാന്‍ ഈ പണം പര്യാപ്തമാണെന്നും സി.ആര്‍.പി.എഫ് സി.ആര്‍.പി.എഫ് ഡപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ മോസസ് ദിനകരന്‍ പറഞ്ഞു.
ആറു മാസത്തെ വിഹിതമായി ഓരോ ജവാനും 22,194 രൂപ വീതമാണ് നല്‍കുന്നത്. സെപ്റ്റംബറിലെ പ്രതിമാസ വിഹിതവും വൈകാതെ നല്‍കുമെന്നും റേഷന്‍ പണമില്ലാതെ ജവാന്മാര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജ്യസുരക്ഷയെ കുറിച്ച് നിരന്തരം വാചാലരാവുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കുള്ള റേഷന്‍ മുടങ്ങിയെന്ന വാര്‍ത്ത സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. വാര്‍ത്ത പുറത്തുവന്നത് പിന്നാലെ തന്നെ വിഹിതം പുനഃസ്ഥാപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഓരോ ജവാന്‍മാര്‍ക്കുമായി റേഷന്‍ മണി അലവന്‍സ് (ആര്‍.എം.എ) ഇനത്തില്‍ 22,144 രൂപ നല്‍കിയതായി അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."