കായിക വികസനത്തില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരും: മുഖ്യമന്ത്രി
കണ്ണൂര്‍: കായിക വികസനത്തില്‍ സ്‌കൂള്‍തലം മുതല്‍ സമഗ്രമാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാംപസില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാങ്ങാട്ടുപറമ്പ് കാംപസില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, സമ്പന്നമായ കായിക പാരമ്പര്യമുള്ള കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഉത്തര മലബാറിന്റെ കായിക പുരോഗതിക്ക് കുതിപ്പേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക പഠനവിഷയമായി കളരിയെ അംഗീകരിച്ച രാജ്യത്തെ ആദ്യ സര്‍വകലാശാലയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി.
അത്‌ലറ്റിക് കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം ടി.വി രാജേഷ് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഒളിംപ്യന്‍ ഷൈനി വില്‍സണിന് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
എം.പിമാരായ പി. കുരണാകരന്‍, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, ആന്തൂര്‍ നഗസഭാ അധ്യക്ഷ പി.കെ ശ്യാമള, സിന്‍ഡിക്കേറ്റ് അംഗങ്ങളായ വി.പി.പി മുസ്തഫ, അഡ്വ. പി. സന്തോഷ് കുമാര്‍, ബിജു കണ്ടക്കൈ, പി.എ വില്‍സണ്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗം എം. പ്രകാശന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, പ്രൊ. വൈസ് ചാന്‍സ്‌ലര്‍ പ്രഫ. പി.ടി രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സംസാരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയുടെ നാലര ഏക്കര്‍ സ്ഥലത്താണ് 6.5 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാകത്തിലുള്ള സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. 400 മീറ്ററില്‍ ഏട്ട് ലെയിനുകളുള്ള ട്രാക്കില്‍ ജംപുകള്‍, ത്രോകള്‍, സ്റ്റീപ്പ്ള്‍ ചെയ്‌സ് എന്നിവയ്ക്കുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ഫെഡറേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നിര്‍മിച്ച സിന്തറ്റിക് ട്രാക്ക്് ക്ലാസ് 2 അത്‌ലറ്റിക് ഫെസിലിറ്റിയായി അസോസിയേഷന്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."