പ്രാര്‍ഥനയോടെ
ദോഹ: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ നാലാം ദിനം ഇന്ത്യ പ്രാര്‍ഥനയോടെ. ഇന്ന് മൂന്ന് ഇനങ്ങളിലെ യോഗ്യതക്ക് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നുണ്ട്. ജാവലിന്‍ ത്രോ യോഗ്യതക്കായി അന്നുറായി, വനിതകളുടെ 200 മീറ്റര്‍ യോഗ്യതക്കായി അര്‍ച്ചന ശശീന്ദ്രന്‍, വനിതകളുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ അഞ്ജലി ദേവി എന്നിവരാണ് യോഗ്യതക്കായി ഇറങ്ങുന്നത്. യോഗ്യതാ മാര്‍ക്ക് കടക്കുകയാണെങ്കില്‍ നാളെ നടക്കുന്ന സെമിയില്‍ ഇന്ത്യന്‍ താരങ്ങളെ കാണാനാകും.
കോള്‍മാന്‍ അവസാനിപ്പിച്ചത് ജമൈക്കന്‍ ആധിപത്യം
ദോഹ: കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ അവസാനിപ്പിച്ചത് ഈ ഇനത്തിലുണ്ടായിരുന്ന ജമൈക്കന്‍ ആധിപത്യം. 2009 മുതല്‍ 2015 വരെ ഉസൈന്‍ ബോള്‍ട്ടായിരുന്നു ഈ ഇനത്തിലെ രാജാവ്. തുടര്‍ച്ചയായ നാല് തവണയും അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഗാട്‌ലിന്‍, ടൈസണ്‍ ഗേ, വാള്‍ട്ടര്‍ ഡിക്‌സ് എന്നിവരെ പിന്തള്ളിയായിരുന്നു ബോള്‍ട്ട് സ്വര്‍ണം സ്വന്തമാക്കിയത്.
2017ല്‍ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും അമേരിക്കന്‍ ആധിപത്യത്തിന് ജസ്റ്റിന്‍ ഗാട്‌ലിന്‍ തുടക്കമിടുകയായിരുന്നു. 2009ന് മുമ്പ് നടന്ന 11 ലോക മീറ്റുകളില്‍ എട്ടുതവണയും അമേരിക്കന്‍ താരങ്ങളായിരുന്നു ജേതാക്കളായിരുന്നത്. ഇതായിരുന്നു ഉസൈന്‍ ബോള്‍ട്ടിന്റെ വരവോടെ തകര്‍ന്നത്. ഉസൈന്‍ ബോള്‍ട്ട് കളത്തിലുണ്ടായിരുന്നപ്പോഴെല്ലാം അമേരിക്കന്‍ താരങ്ങളായിരുന്നു രണ്ടാം സ്ഥാനത്ത്.
2017ല്‍ ലണ്ടനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെയായിരുന്നു സ്വര്‍ണം അടിച്ചെടുത്തത്.
സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഈ ഇനത്തിലുണ്ടായിരുന്ന ജമൈക്കന്‍ ആധിപത്യം തകര്‍ക്കാന്‍ അമേരിക്കന്‍ അത്‌ലറ്റുകള്‍ക്കായി.
43-ാം വയസില്‍ മെഡല്‍ നടന്നുവാങ്ങി വിയേര
ദോഹ: ഖത്തറില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിലെ ഏറ്റവും പ്രായമുള്ള മത്സരാര്‍ഥി മെഡലും സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. പോര്‍ച്ചുഗല്‍ താരം ജാവോ വിയേരയാണ് 43മത്തെ വയസില്‍ വെള്ളി മെഡല്‍ നേടി റെക്കോര്‍ഡ് സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 50 കിലോമീറ്റര്‍ നടത്തത്തിലായിരുന്നു വിയേരയുടെ നേട്ടം.
39 സെക്കന്‍ഡ് കൊണ്ടാണ് വിയേരക്ക് സ്വര്‍ണം നഷ്ടമായത്. 4:04:20 സമയം കൊണ്ട് നടത്തം പൂര്‍ത്തിയാക്കിയ ജപ്പാന്‍ താരം യുസുകെ സുസുകിയാണ് ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. വെള്ളി നേടിയ വിയേര 4:04:59 സെക്കന്‍ഡ് കൊണ്ടാണ് നടത്തം പൂര്‍ത്തിയാക്കിയത്. 4:04:02 സമയം കൊണ്ട് നടത്തം പൂര്‍ത്തിയാക്കി കാനഡയുടെ ഇവാന്‍ ഡന്‍ഫി വെങ്കലവും സ്വന്തമാക്കി.
കൊടുങ്കാറ്റായി ഗെയില്‍
ദോഹ: പുരുഷന്‍മാരുടെ ലോങ് ജംപില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജമൈക്കന്‍ താരം ഗെയില്‍. നാലാം ശ്രമത്തില്‍ 8.69 ചാടിയാണ് ഗെയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ ഇനത്തില്‍ അമേരിക്കന്‍ താരം മൈക്ക് പവലിന്റെ പേരിലാണ് റെക്കോര്‍ഡ് എങ്കിലും ലീഡിങ് ലോക റെക്കോര്‍ഡാണ് ഗെയില്‍ സ്വന്തമാക്കിയത്.ആദ്യ ശ്രമത്തില്‍ 8.46 ചാടിയ ഗെയിലിന്റെ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളാവുകയായിരുന്നു.
നാലാം ശ്രമത്തിലായിരുന്നു ഗെയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ ഇനത്തില്‍ അമേരിക്കന്‍ താരം ഹെന്‍ഡേഴ്‌സണ്‍ വെള്ളിയും ക്യൂബയുടെ ചെവരിയ വെങ്കലവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."