കുരുന്നുഭാവനകള്‍ ചിറകടിച്ചു; വര്‍ണങ്ങളില്‍ നിറഞ്ഞു നെഹ്‌റു ട്രോഫി
ആലപ്പുഴ: കുട്ടനാടിന്റെ മാമാങ്കത്തിന് കുരുന്നുകളുടെ ഭാവന ചാലിച്ച നിറച്ചാര്‍ത്ത്. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന മത്സരത്തില്‍ നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശവും ഉന്‍മാദവും വിദ്യാര്‍ഥികളുടെ ഭാവനയില്‍ വിടര്‍ന്നപ്പോള്‍ നെഹ്‌റു ട്രോഫിയും വള്ളംകളിയും നിറങ്ങളിലാറാടി.
മത്സരം ആരംഭിച്ച് എന്റെ നാട്ടിലെ വള്ളംകളി എന്ന വിഷയത്തില്‍ ആലപ്പുഴയുടെ കായലും കനാലുകളും വര്‍ണക്കുടയും ആവേശവും കുരുന്നുകള്‍ കടലാസ്സില്‍ കോറിയിട്ടു. കൊച്ചുകുട്ടികള്‍ നിറങ്ങള്‍ കൊണ്ട് വള്ളം തുഴഞ്ഞു.
നഴ്‌സറി വിദ്യാര്‍ഥികളടക്കം ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൊച്ചുകുട്ടികള്‍ അമ്മയുടെ കൈപിടിച്ച് തെല്ലൊരു ആശങ്കയോടെയാണ് മത്സരത്തിനെത്തിയതെങ്കിലും ചിത്രവും കടലാസും നിറക്കൂട്ടുകളുമായി ചേര്‍ന്നപ്പോള്‍ അവര്‍ മറ്റൊരു ലോകത്തെത്തിയ പോലെ.
എല്‍.കെ.ജി മുതല്‍ നാലാംക്ലാസ് വരെയുള്ളവര്‍ക്കായി കളറിങ് മത്സരവും യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവുമാണ് നടത്തിയത്. രാവിലെ 10 മണിക്കു തുടങ്ങിയ മത്സരം 12.30ന് സമാപിച്ചു. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."