സനലിന്റെ മരണം: നെയ്യാറ്റിന്‍കയില്‍ ഹര്‍ത്താല്‍
നെയ്യാറ്റിന്‍കര: വാഹനപാര്‍ക്കിങിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടയില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍ ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളി കാര്‍ കയറി യുവാവ് മരിക്കാനിടയായ സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ബി.ജെ.പി, കാമരാജ് കോണ്‍ഗ്രസ്, വി.എസ്.ഡി.പി സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്.
തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. മൃതദേഹവുമായെത്തിയ നൂറുകണക്കിനു പേര്‍ നെയ്യാറ്റിന്‍കയ്ക്ക് സമീപമുളള മൂന്നുകല്ലിന്‍മൂട് ജങ്ഷനിലാണ് ദേശീയപാത ഉപരോധിച്ചത്. ഡിവൈ.എസ്.പിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പൊലിസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. വൈകിട്ട് ആറരയോടെ ആര്‍.ഡി.ഒ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ എത്രയും വേഗം ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ സനല്‍കുമാറിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അഴിമതിയും അധികാര ദുര്‍വിനിയോഗവും; ഡിവൈ.എസ്.പിക്കെതിരേ വ്യാപക പരാതികള്‍
നെയ്യാറ്റിന്‍കര: ഡിവൈ.എസ്.പി ഹരികുമാറിനെതിരേ ഉയരുന്നത് വ്യാപക പരാതികള്‍. കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും ഇയാളുടെ പതിവായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മറ്റൊരു കേസില്‍ ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. കൃത്യമായ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇതിനെയൊക്കെ ഇയാള്‍ മറികടക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെ രാത്രി കൊടങ്ങാവിള സ്വദേശിയും ജുവലറി ഉടമയും കരാറുകാരനുമായ ബിനുകുമാറിന്റെ വീട്ടില്‍ നിന്ന്് ഇറങ്ങിവരവേയാണ് ഇയാള്‍ സനല്‍കുമാറിനെ മര്‍ദിച്ച് റോഡിലേക്ക് തള്ളിയതും അപകടമുണ്ടായതും. രാത്രികാലങ്ങളില്‍ ഇയാള്‍ ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.
എട്ട്മാസം മുന്‍പ് ബിനുവിന്റെ അയല്‍വാസിയായ മണ്ണ്കടത്തുകാരനില്‍ നിന്നും ഹരികുമാര്‍ കൈക്കൂലി വാങ്ങിയത് ആരോ രഹസ്യമായി കാമറയില്‍ പകര്‍ത്തി വിജിലന്‍സിന് കൈമാറിയിരുന്നു. ഈ കേസില്‍ ബിനു സാക്ഷിയായിരുന്നുവെന്നും വിവരമുണ്ട്. ഈ കേസില്‍ വിജിലന്‍സ് അന്വേഷണം മന്ദഗതിയിലാക്കിയപ്പോള്‍ കേസ് ഹൈക്കോടതിയിലെത്തി. ഡിവൈ.എസ്.പിക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പുറമേ ഇയാളെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ഇന്റലിജന്‍സും ശുപാര്‍ശ നല്‍കിയിരുന്നു.
പാറശ്ശാല എസ്.ഐ ആയിരുന്നപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു.
ഫോര്‍ട്ട് സി.ഐ ആയിരുന്നപ്പോള്‍ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലില്‍ നിന്നിറക്കിവിട്ടതിന് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയായി നിയമനം ലഭിക്കുന്നതിന് പലര്‍ക്കുമായി 60 ലക്ഷത്തോളം രൂപ കൈക്കൂലി നല്‍കിയതായും ആരോപണമുണ്ട്. കൃത്യമായ രാഷ്ട്രീയ സ്വാധീനം ഇയാള്‍ക്കുണ്ടെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."