ടെമ്പോ സ്കൂട്ടറില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു; മകന് ഗുരുതരാവസ്ഥയില്‍
വൈപ്പിന്‍: ടെമ്പോ സ്കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു. മകന് ഗുരുതരാവസ്ഥയില്‍. വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാനപാതയില്‍ സ്കൂള്‍ മുറ്റത്തുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ മാലിപ്പുറം കര്‍ത്തേടം കളപ്പറമ്പില്‍ മാര്ട്ടിന് സേവ്യറിന്റെ ഭാര്യ ഷൈജി (40), മകള്‍ ക്രിസ്വിയ (6) എന്നിവരാണു മരിച്ചത്. മകന് ക്രിസ്വിന് (9) ആണ് പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്കൂള്‍മുറ്റം ശാഖയ്ക്കു വടക്ക് അപകടം നടന്നത്. സ്കൂള്‍ അവധി ദിനമായതിനാല്‍ കുട്ടികളുമൊത്ത് തോപ്പുംപടിയില്‍ ഭര്‍ത്താവ് മാര്ട്ടിന് സേവ്യറിന്റെ മാതാവിനെ കാണാന്‍ പോകുകയായിരുന്നു. സ്വകാര്യ വെളിച്ചെണ്ണ കമ്പനിയുടെ ടെമ്പോ സെയില്‍സ് വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സെയില്‍സ്മാന്റെ പിതാവ് മരിച്ച വിവരം അറിഞ്ഞതിനാല്‍ എറണാകുളത്തെത്തിയ ഇവര്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ ക്രിസ്വിയയെ എളങ്കുന്നപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ഷൈജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ടെമ്പോ ഡ്രൈവര്‍ ഗുരുവായൂര്‍ കോട്ടപ്പടി വടക്കൂട്ട് നിജോ (27) യെ ഞാറക്കല്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചമ്പക്കര ചക്കാലയില്‍ കുടുംബാംഗമാണ് മരിച്ച ഷൈജി. ഇവരുടെ കുടുംബം എട്ട് വര്‍ഷമായി കര്ത്തേടത്താണു താമസം.
മക്കള്‍ ഇരുവരും പെരുമ്പിള്ളി അസീസി സ്കൂള്‍ വിദ്യാര്‍ഥികളാണ്. മാര്ട്ടിന് സേവ്യര്‍ സഊദി അറേബ്യയില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയാണ്. പരുക്കേറ്റ ക്രിസ്വിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ക്രിസ്വിന്റെ നില അതീവ ഗുരുതരമാണെന്നും അപകടനിലതരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."