പെരിയ ഇരട്ടക്കൊല: സര്‍ക്കാര്‍ അപ്പീലില്‍ പോകരുത്
കാസര്‍ക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായിരിക്കുകയാണ്. സംസ്ഥാന പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി തള്ളിക്കളഞ്ഞു.
സി.പി.എം പറയുന്നതുപോലെ ഇതൊരു വ്യക്തിവൈരാഗ്യ കൊലപാതക കേസാണെങ്കില്‍, സി.പി.എമ്മിന് ഇതില്‍ പങ്കില്ലെങ്കില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കരുത്. അങ്ങനെവന്നാല്‍ സി.പി.എം നേതൃത്വവും ഭരണകൂടവും ഇതുവരെ ജനങ്ങളോട് പറഞ്ഞിരുന്നത് കള്ളമായിരുന്നുവെന്ന് ബോധ്യപ്പെടും. ലക്ഷങ്ങള്‍ പ്രതിഫലംപറ്റുന്ന അഭിഭാഷകരെവച്ചാണ് സര്‍ക്കാര്‍ ഈ കേസ് അപ്പീലില്‍ വാദിക്കുന്നതെങ്കില്‍ അതിനുള്ള തുക എ.കെ.ജി സെന്ററില്‍നിന്നായിരിക്കില്ലല്ലോ. സാധാരണക്കാരന്റെ നികുതിപ്പണമെടുത്ത് സി.പി.എം കൊലയാളികള്‍ക്ക് വേണ്ടി ഭരണകൂടം അപ്പീലില്‍ പോകുന്നത് നികുതിദായകരോടുള്ള വെല്ലുവിളിയായിരിക്കും.
നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ശരത്‌ലാലും കൃപേഷും. അത്രമേല്‍ ദരിദ്രരായ രണ്ട് ചെറുപ്പക്കാരെ, കുടുംബത്തിന് താങ്ങുംതണലുമാകേണ്ട രണ്ട് യുവാക്കളെയാണ് നിഷ്‌കരുണം സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പാവപ്പെട്ടവനെ വെട്ടിക്കൊന്ന് അതിന്റെ കേസ് വാദിച്ച് ജയിക്കാന്‍ പാവപ്പെട്ടവന്റെതന്നെ നികുതിപ്പണമെടുക്കുന്ന സര്‍ക്കാര്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഈ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഒരിക്കലും അപ്പീലില്‍ പോകാന്‍ പാടില്ല.
ഓരോ ഭരണകൂടങ്ങളുടെയും ഏറാന്‍മൂളികളായി കേരള പൊലിസിലെ ഒരുവിഭാഗം അധഃപതിച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസ് അന്വേഷണത്തിലൂടെ. നേരത്തെ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീര്‍ എന്ന നിസ്സഹായനായ ചെറുപ്പക്കാരനെ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ബ്യൂറോക്രാറ്റ് മദ്യപിച്ച് വാഹനമോടിച്ചു കൊന്നപ്പോള്‍ ആ കൊലയാളിയെ ഒരുദിവസംപോലും ജയിലില്‍ കിടക്കാനുള്ള അവസരം നല്‍കാതെ രക്ഷിച്ചെടുത്ത പാരമ്പര്യമാണ് കേരള പൊലിസിന്റേത്.
പാവങ്ങള്‍ക്കും സാധാരണക്കാരനും കേരള പൊലിസില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്ന മറ്റൊരു സംഭവമായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം സംബന്ധിച്ച കേസന്വേഷണം. തുടക്കംമുതലേ ഈ കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് അന്വേഷണോദ്യോഗസ്ഥര്‍ ജാഗ്രതകാണിച്ചതെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ തന്നെയാണ് പറയുന്നത്. അതുതന്നെയാണ് കോടതിയും കണ്ടെത്തിയിരിക്കുന്നത്. സാക്ഷികളുടെ മൊഴികള്‍ അവഗണിച്ചുകൊണ്ട് പ്രതികളുടെ മൊഴികള്‍ വേദവാക്യംപോലെ എടുക്കുകയായിരുന്നു പൊലിസ് എന്ന കോടതിയുടെ പരാമര്‍ശം തന്നെമതി ഈ കേസ് ഇല്ലാതാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വഹിച്ച പങ്ക് മനസിലാക്കാന്‍.
സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് പെരിയ ഇരട്ടക്കൊലപാതകങ്ങള്‍ എന്ന കോടതിയുടെ നിരീക്ഷണം ശരിവെക്കുന്നതായിരുന്നു ഈ കൊലപാതക കേസ് അന്വേഷണത്തില്‍ കേരള പൊലിസ് ഉടനീളം കാണിച്ച പക്ഷപാതിത്വം. ഭരണത്തിലിരിക്കുന്നവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന പൊലിസില്‍നിന്നും പാവങ്ങള്‍ക്ക് നീതി അകലെയായിരിക്കും. കൊലപാതകങ്ങള്‍ രാഷ്ട്രീയമായിട്ടല്ലെങ്കില്‍ വ്യക്തിവൈരാഗ്യമാണ് കാരണമെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശോക് അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫിസില്‍ ഒളിപ്പിച്ചത് എന്തിനായിരുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് എന്ത് ഉത്തരമാണ് സി.പി.എം നേതൃത്വത്തിനും പൊലിസിനും നല്‍കാനുള്ളത്.
രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് വസ്തുതകളുമായി പൊരുത്തപ്പെടാത്ത കുറ്റപത്രം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം മുന്നില്‍വച്ച് കേസ് വിചാരണ നടത്തുകയാണെങ്കില്‍ പ്രതികള്‍ പുഷ്പംപോലെ ഇറങ്ങിപ്പോരുമെന്ന് പറഞ്ഞത് ഹൈക്കോടതി തന്നെയാണ്. ഒന്നാംപ്രതി പീതാംബരന്റെ മൊഴി പരസ്യമായി പൊലിസ് അംഗീകരിച്ചത് അത്ഭുതാവഹംതന്നെ! ഇത്രമേല്‍ കേസ് അട്ടിമറിക്കുവാന്‍ കേരള പൊലിസിന് കഴിയുന്നത് അത്ഭുതകരംതന്നെ. എന്നാല്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയതുമില്ല.
'കൊലപാതകത്തില്‍ ഫൊറന്‍സിക് സര്‍ജനെ കൂടുതല്‍ ചോദ്യം ചെയ്ത് വസ്തുതകള്‍ ശേഖരിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയിലും ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ മുറിവില്ലെന്ന് പറയുന്നു. എന്നാല്‍ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രസ്താവന നല്‍കി'. ഇങ്ങനെയെല്ലാം തകിടംമറിച്ച ഒരു കേസിന്റെ നേര്‍ചിത്രം കേരള ഹൈക്കോടതി പൊതുസമൂഹത്തിന് സമര്‍പ്പിച്ചിരിക്കുകയാണ് സി.ബി.ഐ അന്വേഷണ ഉത്തരവിലൂടെ. അത് വീണ്ടും തകിടംമറിക്കാനാണ് ഇടത് മുന്നണി സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നതെങ്കില്‍ മനുഷ്യസ്‌നേഹത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഇതിനെതിരേ പ്രതിഷേധിക്കണം. ഭരണകര്‍ത്താക്കളുടെയും പൊലിസിന്റെയും ദയാവായ്പിനും വിട്ടുകൊടുക്കാനുള്ളതല്ല പാവങ്ങളുടെ നിരാലംബമായ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."