മെഡിക്കല്‍ കോളജില്‍ മൂന്ന് പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു
ചേവായൂര്‍: ഗവ. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂനിറ്റ്, ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജയും മന്ത്രി ടി.പി രാമകൃഷ്ണനും ചേര്‍ന്നു നിര്‍വഹിച്ചു.
എക്‌സ്‌റേ ഇമേജിങ്ങിനുള്ള അത്യാധുനിക സംവിധാനമാണ് ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം. സാധാരണ എക്‌സ്‌റേയിലുള്ള ഫോട്ടോഗ്രഫി ഫിലിമിനു പകരം എക്‌സ്‌റേ സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇതില്‍ ഇമേജിങ് ചെയ്യുന്നത്. കുടല്‍ കൃത്യവും വ്യക്തവുമായ ഫലം നല്‍കുന്നുണ്ടെന്നു മാത്രമല്ല, രോഗിയുടെ സൗകര്യത്തിനുസരിച്ച് നിന്നോ ഇരുന്നോ എക്‌സ്‌റേക്ക് വിധേയനാക്കാന്‍ സാധിക്കും. ഉപകരണം ചെറുതായി നീക്കിയാല്‍ ശരീരത്തിന്റെ ഏതു ഭാഗത്തെയും എക്‌സ്‌റേ എടുക്കാന്‍ ആകുമെന്നത് ഡിജിറ്റല്‍ റേഡിയോഗ്രഫിയുടെ ഗുണമാണ്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മുഖേനയാണു സിസ്റ്റം സ്ഥാപിച്ചത്.
സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ ഇതുവരെ പവര്‍ ലോണ്‍ട്രി ഇല്ലാത്തതിനാല്‍ കാത്ത് ലാബില്‍ നിന്നുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ അലക്കുന്നതിനും ഉണക്കുന്നതിനും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലോണ്‍ട്രിയാണ് ഉപയോഗിച്ചിരുന്നത്. 20 ലക്ഷം രൂപ ചെലവിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്.
പക്ഷാഘാതം മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന രോഗമാണ്. പക്ഷാഘാതം വന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കുന്നതിനാണു സ്‌ട്രോക്ക് ഐ.സി.യു നിര്‍മിച്ചത്. ഇവിടെ മൂന്നു വെന്റിലേറ്ററുകള്‍, 13 കിടക്കകള്‍, എട്ട് മോണിറ്റര്‍ എന്നിവയുള്‍പ്പെടെ 45 ലക്ഷം രൂപയുടെ വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗം തുടങ്ങി 45 മണിക്കൂറിനുള്ളില്‍ രക്തം കട്ടപിടിക്കാനുള്ള മരുന്ന് നല്‍കുന്ന മെക്കാനിക്കല്‍ തോബ് ടെക്ടമി ചികിത്സയും കട്ടപിടിച്ച രക്തം വലിച്ചെടുക്കുന്ന ക്യാനിയോട്ടോമി ചികിത്സയും ആധുനിക ചികിത്സാ സൗകര്യവും ലഭിക്കും.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഒ. സുനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍, ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി.പി രാജഗോപാല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. നാരായണന്‍ മാസ്റ്റര്‍, സി. സത്യചന്ദ്രന്‍ സംസാരിച്ചു.
മെഡിക്കല്‍ കോളജ് പ്രിസിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ നന്ദിയും എം.സി.എച്ച് സൂപ്രണ്ട് ഡോ. കെ.ജി സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."