പൊലിസ് സ്റ്റേഷനുകള്‍ സി.പി.എം ഓഫിസിലേക്ക് മാറ്റണമെന്ന്
കാസര്‍കോട്: പൊലിസിനെ പൂര്‍ണമായും സി.പി.എം സേനയാക്കി മാറ്റി മുസ്‌ലിം ലീഗിന് സംഘടനാ പ്രവര്‍ത്തനവും നീതിയും നിഷേധിക്കുന്ന സാഹചര്യത്തില്‍ പൊലിസ് സ്റ്റേഷനുകള്‍ സി.പി.എം ഓഫിസിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.
പൊതു സ്ഥലം കൈയേറി മാസങ്ങളോളം സി.പി.എം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും തോരണങ്ങളും സ്ഥാപിച്ചാല്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്ന പൊലിസ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എടുത്ത് മാറ്റുകയാണ്. യുവജന യാത്രയുടെ മുന്നോടിയായി നടക്കുന്ന പദയാത്രയുടെയും ജനസഭയുടെയും നാട്ടുക്കുട്ടത്തിന്റെയും പ്രചാരണാര്‍ഥം സ്ഥാപിച്ച കൊടികളും ബാനറുകളും പരിപാടിക്ക് മുന്‍പ് തന്നെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പൊലിസ് പൊതു സ്ഥലം കൈയേറി സി.പി.എം മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പ്രചാരണ ബാനറുകളും പതാകകളും നീക്കം ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് ഞങ്ങളുടെ ജോലിയല്ലെന്നാണ് പറയുന്നത്. സി .പി എം പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളുടെ അന്വേഷണങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയും സി.പി.എം നല്‍കുന്ന കള്ള പരാതികളില്‍ നിരപരാധികളെ പ്രതിചേര്‍ക്കാന്‍ പൊലിസ് ധൃതികൂട്ടുകയുമാണ്.
ചില ഉദ്യോഗസ്ഥര്‍ സി.പി.എം ഏരിയ സെക്രട്ടറിമാരുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംമ്പര്‍ 24 മുതല്‍ ആരംഭിക്കുന്ന പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗീയ മുക്ത ഭാരതം, ആക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ നടത്തുന്ന യുവജന യാത്ര കേരള രാഷ്ടിയത്തില്‍ സൃഷ്ടിക്കുന്ന മാറ്റം മുന്‍കുട്ടി മനസിലാക്കിയ സി.പി.എം പൊലിസിനെ ഉപയോഗിച്ച് യുവജന യാത്രയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്, ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും ആശയപ്രചാരണത്തിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് നിഷേധിക്കാന്‍ ശ്രമിക്കുന്നത് ഫാസിസമാണെന്നും രാഷ്ട്രിയ പ്രേരിതമായി പൊലിസ് ഇരട്ട നീതി നടപ്പിലാക്കിയാല്‍ അത് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും പൊലിസിന്റെ രാഷ്ട്രിയ അടിമത്തത്തിനും നീതി നിഷേധത്തിനുമെതിരെ സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."