കുഴല്‍ കിണറുകളുടെ ഹാന്റ് പമ്പ് തുരുമ്പെടുത്ത് നശിക്കുന്നു
ബദിയഡുക്ക: ജല സമൃദ്ധമായ കുഴല്‍ കിണറുകളുടെ ഹാന്റ് പമ്പുകള്‍ തുരുമ്പെടുത്ത് നശിച്ച് നോക്കുകുത്തിയായി മാറുകയാണ്. പഞ്ചായത്ത് പരിധികളിലെ വിവിധ സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച നിരവധി കുഴല്‍ കിണറുകള്‍ ഹിന്റ് പമ്പ് തകരാറ് കാരണം ഉപയോഗ ശൂന്യമാവുകയാണ്.
തകരാറായ ഹാന്റ് പമ്പുകളുടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പകരം സംവിധാനമില്ലാത്തതാണ് ഇത്തരത്തില്‍ പാഴാവുന്നതെന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ജനകീയ കുടിവെള്ള പദ്ധതികള്‍ നടപ്പില്‍ വരുന്നതിന് മുന്‍പാണ് ജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഇത്തരം കുഴല്‍ കിണറുകള്‍ നിര്‍മിച്ചത്. ത്രിതല പഞ്ചായത്തുകള്‍ ,എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിങ്ങനെയുള്ള ഫണ്ടുകള്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് പരിധികളില്‍ ഇവ സ്ഥാപിച്ചത്. ആ കാലയളവില്‍ പഞ്ചായത്ത് വിവിധ ഫണ്ടുകളെ സംയോജിപ്പിച്ച് കുഴല്‍ കിണര്‍ ഒന്നിന് 50,000രൂപയും ഹാന്റ് പമ്പ് ഘടിപ്പിക്കുന്നതിനായി 25,000രൂപയും അനുവദിച്ചിരുന്നു.
കുടി വെള്ള ക്ഷാമം രൂക്ഷമാവുമ്പോള്‍ ജനങ്ങള്‍ പുലര്‍ച്ചെ തന്നെ പാത്രങ്ങളുമായി കുഴല്‍ കിണറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നുകൊണ്ട് വെള്ളമെടുക്കുന്നത് പതിവ് കാഴ്ചയായിരുന്നു. കാലക്രമേണ ഹാന്റ് പമ്പുകള്‍ തകരാറിലാവുകയും അവ നന്നാക്കിയവര്ക്കു സമയബന്ധിതമായി തുക ലഭിക്കാതെ വന്നതോടെ പലരും ഹാന്റ് പമ്പുകളുടെ തകരാര്‍ നന്നാക്കുന്ന ജോലി ഒഴിവാക്കി. അതോടെ വെള്ളമെടുക്കുന്നതും നിലച്ചു. തകരാറിലായ കുഴല്‍ കിണറുകള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.
ജനകീയ കുടിവെള്ള പദ്ധതികള്‍ നടപ്പില്‍ വന്നതോടെ ജല ലഭ്യതയുള്ള ചില കുഴല്‍ കിണറുകളില്‍ മോട്ടര്‍ ഘടിപ്പിച്ച് ശുദ്ധ ജലമെത്തിക്കുന്ന സംവിധാനം നിലവില്‍ വരികയും മറ്റു ചിലര്‍ സ്വന്തം ചെലവില്‍ തന്നെ കുഴല്‍ കിണര്‍ നിര്‍മിക്കുകയും ചെയ്തു. അതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഹാന്റ് പമ്പുള്ള കുഴല്‍ കിണറുകള്‍ ആര്‍ക്കും വേണ്ടതായി. ഒരു വാര്‍ഡില്‍ പത്തോളം കുഴല്‍ കിണറുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇത് കാരണം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ലക്ഷങ്ങളാണ് തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."