മൃഗശാലയില്‍ കുളമ്പുരോഗം: ഒരു പുള്ളിമാന്‍ ചത്തു
തിരുവനന്തപുരം: മൃഗശാലയില്‍ കുളമ്പുരോഗം പടരുന്നു. ഇന്നലെ ഒരു പുള്ളിമാന്‍ ചത്തു. രാവിലെ കൂട്ടില്‍ ചത്തുകിടന്ന പുള്ളിമാനിനെ രഹസ്യമായി മൃഗശാലാ ഡോക്ടറും സംഘവും പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു. പുള്ളിമാന്‍ ചത്ത വിവരം മാധ്യമങ്ങള്‍ അറിഞ്ഞതോടെയാണ് അധികൃതര്‍ തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കി മറവുചെയ്തത്.
2007ലും 2012ലും മൃഗശാലയില്‍ കുളമ്പുരോഗം പടര്‍ന്നിരുന്നു. 2007ല്‍ നിരവധി മൃഗങ്ങളാണ് ചത്തത്. രോഗം ബാധിച്ച മൃഗങ്ങളെ ദയാവധത്തിനു വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. ഇതേ സഹാചര്യമാണ് ഇപ്പോള്‍ മൃഗശാലയിലുള്ളത്. നൂറോളം പുള്ളിമാനുകളുള്ള മൃഗശാലയില്‍ കുളമ്പുരോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ മൃഗശാലയുടെ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്തുന്ന കുളമ്പുള്ള മൃഗങ്ങള്‍ക്കും പിടിപെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ലക്ഷങ്ങള്‍ വിലയുള്ള വിദേശയിനം കൊക്കുകള്‍ ചത്തിരുന്നു. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇതിനു കാരണമെന്ന് ആക്ഷേപമുയര്‍നന്നിരുന്നു. കുളമ്പു രോഗം പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ മൃഗശാലയില്‍ ഒരുക്കുന്നത് അധികൃതര്‍ തന്നെയാണെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി മൃഗശാലയില്‍ നിന്നുള്ള മാലിന്യനീക്കം നിലച്ചിരുന്നു. മൃഗങ്ങളുടെ കാഷ്ടവും, മറ്റു മാലിന്യങ്ങളും വളം നിര്‍മ്മാണത്തിനായി മൃഗശാലയ്ക്കുള്ളില്‍ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍, വളം നിര്‍മ്മാണം ആരംഭിച്ചിട്ടുമില്ല. ഇതോടെ മാലിന്യ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. ഇത് മൃഗങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭവിഷത്തുകളാണുണ്ടാക്കുന്നത്. ഇതിനെതിരേ ജീവനക്കാരും, കീപ്പര്‍മാരും വിയോജിപ്പറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മൃഗശാലയിലെ ഡെയ്‌ലി റിപ്പോര്‍ട്ട് രജിസറ്ററില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മാലിന്യ സംസ്‌ക്കരണം കൃത്യമായി നടപ്പാക്കാത്ത നിലവിലെ സാഹചര്യം കുളമ്പുരോഗമടക്കമുള്ള പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്ന് കീപ്പര്‍മാര്‍ പറയുന്നു. നേരത്തേ മൃഗശാലയിലെ മാലിന്യങ്ങള്‍ പുറത്തേക്കു കൊണ്ടു പോകുമായിരുന്നു. കരാര്‍ നല്‍കിയാണ് മാലിന്യം കൊണ്ടുപോകാന്‍ ആളെ നിര്‍ത്തിയിരുന്നത്.
വളം നിര്‍മാണം ആരംഭിക്കാമെന്ന ആശയം വന്നതോടെ ഇത് നിര്‍ത്തലാക്കി. ഇതോടെ മൃഗശാലയില്‍ മാലിന്യം കുമിഞ്ഞുകൂടാന്‍ തുടങ്ങി.എന്നാല്‍ വളം നിര്‍മാണം ആരംഭിച്ചതുമില്ല. പുള്ളിമാനുകള്‍ക്കാണ് കുളമ്പുരോഗം വേഗത്തില്‍ പിടിപെടുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളാണ് വേഗത്തില്‍ രോഗം പടര്‍ത്തുന്നത്. മൃഗശാലയിലെ മിക്ക പുള്ളിമാനുകളും രോഗബാധയിലുമാണ്. കാലുകള്‍ നിലത്തുറപ്പിക്കാതെയും, ചെളിയിലും വെള്ളത്തിലും ചവിട്ടിയും, മുറിവുകളില്‍ കാക്കകൊത്തിയുമൊക്കെ അവശതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."