സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന് സഹോദരികളെ അര്‍ധനഗ്നരാക്കി നടത്തിച്ചു
പട്‌ന: സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന് സഹോദരിമാരായ രണ്ടു വിദ്യാര്‍ഥികളെ യൂണിഫോം അഴിപ്പിച്ചശേഷം പിതാവിനൊപ്പം വിട്ടു. ബീഹാറിലെ ബെഗുസാര ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.
വിദ്യാര്‍ഥിനികളുടെ പിതാവ് ചുചാന്‍ ഷാ പൊലിസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറും എട്ടും വയസുളള തന്റെ പെണ്‍കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നടത്തിച്ചുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുവരാന്‍ പോയതായിരുന്നു ചുചാന്‍ ഷാ. ആ സമയത്ത് സ്‌കൂളില്‍ നിന്നും നല്‍കുന്ന യൂണിഫോമിന് പണം അടയ്ക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടു. കുറച്ചു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പിന്നീട് അധ്യാപിക കുട്ടികളെ അകത്തേക്കു വിളിച്ച് യൂനിഫോം അഴിപ്പിച്ച ശേഷം തന്നോടൊപ്പം വിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അധ്യാപികക്കും പ്രിന്‍സിപ്പലിനുമെതിരെ നടപടിയെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി അശോക് ചൗധരി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."