മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: പൊലിസ് ഒരുക്കുന്നത് കനത്ത സുരക്ഷ
ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പൊലിസ് ഒരുക്കുന്നത് കനത്ത സുരക്ഷ.
ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയമായതിനാല്‍ തീര്‍ഥാടന നഗരിയില്‍ മുഖ്യമന്ത്രിക്കെതിരേ ഏതെങ്കിലും തരത്തില്‍ പ്രതിഷേധമുണ്ടായേക്കാം എന്ന നിഗമനത്തില്‍ കുറ്റമറ്റ സുരക്ഷയാണ് ഒരുക്കുന്നത്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെതിരേ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും എതിരായി ചില ഹൈന്ദവ സംഘടനകള്‍ ദൈനംദിന പ്രതിഷേധങ്ങള്‍ നടത്തി വരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചും പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അഭിപ്രായങ്ങളും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ യാത്രാ വഴികളിലും പരിപാടി നടക്കുന്നിടങ്ങളിലുമായി നൂറുകണക്കിനു പൊലിസുകാരെ വിന്യസിക്കുന്നത്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ ആദ്യത്തെ പരിപാടിയാണ് ഗുരുവായൂരിലേത്. അതു കഴിഞ്ഞാല്‍ പീച്ചിയിലെ ഒരു പരിപാടിയിലും തൃശൂരില്‍ നടക്കുന്ന എല്‍.ഡി.എഫ് റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."