പാലാരിവട്ടംപാലം അഴിമതി: ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് നീട്ടിയത്. നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിക്കാനിരിക്കേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്.
ജാമ്യഹരജി നിലവിലുള്ളതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്ന് സൂരജ് പ്രതികരിച്ചു. ജയിലില്‍നിന്ന് ഇറങ്ങിയാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന മറ്റ് പ്രതികള്‍.
പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരേ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനിടെ, പാലാരിവട്ടം കേസിലെ വിജിലന്‍സ് അഭിഭാഷകന്‍ എ. രാജേഷിന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലര്‍ പരസ്യമായി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടര്‍ന്നാണിത്. പാലാരിവട്ടം കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ 35 ദിവസമായി ജയിലിലാണ്. ശനിയാഴ്ച രാത്രി പത്തിന് മുളവുകാട് ഭാഗത്തുകൂടി യാത്രചെയ്യവെ രാജേഷിന്റെ കാര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെത്തിയവര്‍ തടയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തിരുന്നു. ഞായറാഴ്ച പാലാരിവട്ടം റിനൈസണ്‍സ് ഹോട്ടലിന് സമീപത്തുവച്ചായിരുന്നു രണ്ടാമത്തെ കൈയേറ്റ ശ്രമം. അന്ന് കേസിന്റെ പേര് പറഞ്ഞാണ് അക്രമികള്‍ ഭീഷണിപ്പെടുത്തിയത്.
പാലത്തില്‍ ഭാരം കയറ്റിയുള്ള പരിശോധന നടത്തണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."