കൃഷിമന്ത്രി ഇടപെട്ടു; നടുത്തറ പാടശേഖരങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കും
വടക്കാഞ്ചേരി: കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ശക്തമായ നടപടിയെ തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭയിലെ നടുത്തറ പാടശേഖരത്ത് ഭൂമാഫിയ മണ്ണിട്ട് നികത്തിയ 56 ഏക്കറോളം സ്ഥലം പൂര്‍വസ്ഥിതിയിലാക്കുന്നു.
മാഫിയാ സംഘത്തിന്റെ വിഹാരം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി തലപ്പിള്ളി തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി, വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
നടുത്തറ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കാലത്ത് വടക്കാഞ്ചേരിയില്‍ എത്തിയ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് പുറകിലെ ഏക്കര്‍ കണക്കിന് പാടശേഖരമാണ് ഭൂമാഫിയ അനധികൃതമായി മണ്ണിട്ട് നികത്തിയിരുന്നത്. ഇത് തടയാന്‍ ശ്രമിച്ച സമീപവാസികളായ രണ്ട് യുവാക്കളെ മാഫിയാ സംഘം കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദിച്ചിരുന്നു. പരാതി നല്‍കിയിട്ടും പൊലിസ് അധികൃതര്‍ നടപടി കൈകൊണ്ടില്ലെന്ന ആരോപണവും ശക്തമായിരുന്നു. പ്രദേശവാസികളെ ബിനാമിയാക്കിയാണ് മേഖലയില്‍ ഭൂമാഫിയ വന്‍ തോതില്‍ ഭൂമി വാങ്ങി കൂട്ടിയിരുന്നത്. രാത്രി കാലങ്ങളിലായിരുന്നു മണ്ണടിച്ച് നിലം നികത്തല്‍ . കൃഷി വകുപ്പ് മന്ത്രി വടക്കാഞ്ചേരിയിലെത്തുന്നു എന്നറിഞ്ഞതോടെ റവന്യൂ അധികൃതര്‍ ഉറക്കമുണര്‍ന്നു.
ഇന്നലെ കാലത്ത് തന്നെ നടുത്തറയിലെത്തി റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. മണ്ണിട്ട് നികത്തിയ സ്ഥലങ്ങള്‍ അടിയന്തരമായി പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി പാടശേഖരത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്ന കാന പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
പാടശേഖരം കരിങ്കല്ലുപയോഗിച്ച് കെട്ടി പറമ്പുകളാക്കി മാറ്റിയത് പൂര്‍ണമായും പൊളിച്ച് നീക്കി മണ്ണ് നീക്കം ചെയ്യാനും മന്ത്രി ആവശ്യപ്പെട്ടു. ജനകീയ സമിതിയുടെ എല്ലാ ആവശ്യങ്ങളും ഉടന്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയതോടെ ഒരു ജനകീയ മുന്നേറ്റം കൂടി വിജയം കാണുകയാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."