വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കല്‍പ്പറ്റ: പൊലിസ് കേന്ദ്രങ്ങളെ ആശങ്കയിലാക്കി വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പൊഴുതന-ആറാംമൈല്‍ മേല്‍മുറിയിലാണ് ശനിയാഴ്ച രാത്രി ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത്. പ്രദേശത്തെ കുറിച്യര്‍മല-ഭൂതാനം കോളനിയിലേക്കുള്ള വഴി ചോദിച്ച് പ്രദേശവാസിയായ കൊടിയാടന്‍ മൊയ്തീന്റെ വീട്ടിലെത്തിയ സംഘം 20 മിനുട്ടോളം വീട്ടില്‍ ചെലവഴിച്ച് പഴവും വെള്ളവും ഭക്ഷിച്ചാണ് മടങ്ങിയത്. യൂനിഫോം ധരിച്ച ഒരു സ്ത്രീയും നാലു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പൊഴുതനയിലെത്തിയത്. വിവരമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പൊലിസ് സംഘവും തണ്ടര്‍ബോള്‍ട്ടും പ്രദേശത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ സംഘത്തെ കണ്ടെത്താനായിരുന്നില്ല. വീട്ടില്‍ നിന്നിറങ്ങിയ സംഘം കുറിച്യര്‍മല എസ്റ്റേറ്റ് റോഡിലേക്കാണ് പോയതെന്ന് മൊയ്തീന്‍ പറയുന്നു. മൊയ്തീനില്‍നിന്ന് പൊലിസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കുറിച്യര്‍ മല വഴി സംഘം കടന്നുകളഞ്ഞതായി പൊലിസ് കരുതുന്നു. കുറിച്യര്‍മലയില്‍നിന്നു ചെമ്പ്ര, മുണ്ടക്കൈ വഴി എളുപ്പത്തില്‍ നിലമ്പൂരിലേക്ക് കടക്കാമെന്നതിനാല്‍ ഇതുവഴിയാകാം സംഘം പോയതെന്നാണ് കണക്കാക്കുന്നത്. ഒരുമാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. മുണ്ടക്കൈ ഡംഡം എസ്‌റ്റേറ്റ്, വടുവന്‍ചാല്‍ പരപ്പന്‍പാറ കോളനി എന്നിവിടങ്ങളിലാണ് സമീപകാലത്ത് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."