വാഹനങ്ങളുടെ അഭാവം: വാതില്‍പ്പടി റേഷന്‍വിതരണം താറുമാറായെന്ന് ആക്ഷേപം
തിരുവനന്തപുരം: വാഹനങ്ങളുടെ അഭാവംമൂലം വാതില്‍പ്പടി റേഷന്‍ വിതരണ സംവിധാനം താറുമാറായെന്ന് ആക്ഷേപം. മലയോര ജില്ലകളിലാണ് ഇതു സംബന്ധിച്ച് കൂടുതല്‍ പരാതിയുള്ളത്.
ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് വാതില്‍പ്പടി വിതരണം നിലവില്‍ വന്നത്. കുറഞ്ഞത് ആറു വണ്ടികളുള്ള ഏജന്‍സികള്‍ക്കാണ് വിതരണത്തിന് അനുമതി നല്‍കിയത്. സപ്ലൈകോ വഴിയാണ് ഭക്ഷ്യ സാധനങ്ങള്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നത്. എല്ലാ മാസവും പത്തിനുമുന്‍പായി ഓരോ കടകളിലേക്കും ആവശ്യമായ സാധനങ്ങള്‍ എത്തിക്കും എന്നായിരുന്നു പദ്ധതി ആരംഭിച്ചപ്പോള്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ പദ്ധതി ജൂണിലേക്ക് കടന്നതോടെ പത്തിന് മുന്‍പായി റേഷന്‍ കടകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് കഴിഞ്ഞില്ല.
വാഹനങ്ങളുടെ ലഭ്യതക്കുറവാണ് കൃത്യമായി സാധനങ്ങള്‍ എത്തിക്കുന്നതിന് തടസമാകുന്നതെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. വിതരണം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും ബന്ധപ്പെട്ട ഡിപ്പോകള്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമെന്നും ഇവര്‍ പറയുന്നു. സപ്ലൈകോയുടെ വിതരണ-സംഭരണ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സാധനങ്ങള്‍ കൃത്യമായി എത്തുന്നുണ്ട്. ഇവ റേഷന്‍കടകളില്‍ എത്തിക്കാന്‍ വാഹനക്കരാര്‍ ഏറ്റെടുത്തവര്‍ കൃത്യമായി എത്തുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മലയോര മേഖലകളിലെ ജനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. പലേടത്തും ഇത്തവണ റേഷന്‍ സാധനങ്ങള്‍ എത്തിയിട്ടില്ല. അതേസമയം, ഭക്ഷ്യവിതരണം നിലച്ചിട്ടില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."