'ഗുരുവായൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണം'
ഗുരുവായൂര്‍: ഗുരുവായൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്നാവശ്യവുമായി ഗുരുവായൂര്‍ നഗരസഭയും ദേവസ്വവും രംഗത്ത്.
പ്രതിവര്‍ഷം കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന ഗുരുവായൂരിന്റെ വികസനത്തിനായി ഗുരുവായൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരിയും, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസും പറഞ്ഞു.
നഗരസഭയുടെ ക്ഷേത്ര പ്രവേശന സത്യാഗ്രഹ മന്ദിരമായ ഓപ്പണ്‍ സ്റ്റേജും, ദേവസ്വം സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഭക്തര്‍ക്ക് തിരുപ്പതി മോഡല്‍ അടിസ്ഥാന വികസനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതിന് നഗരസഭയും, ദേവസ്വവും മാത്രം വിചാരിച്ചാല്‍ നടക്കില്ല. വികസന അതോറിറ്റി രൂപീകരിച്ചാല്‍ അതോറിറ്റിക്ക് ലഭിക്കുന്ന ഫണ്ട് വഴി ഗരുവായൂരില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനാവും. നഗരസഭ ആക്ടിലും, ദേവസ്വം ആക്ടിലും കൈകടത്താത്ത തരത്തിലുള്ള ഗുരുവായൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
അമൃത് പദ്ധതിയില്‍ ബസ്സ്റ്റാന്‍ഡിന് പടിഞ്ഞാറ് നിര്‍മാണത്തിലിരിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ ഉദ്ഘാടനം ഈ മാസം നടക്കും. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ ആന്ധ്ര പാര്‍ക്കിങ് ഗ്രൗണ്ടില്‍ 21 കോടിയുടെ മള്‍ട്ടി പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മാണം തുടങ്ങും. നിലവിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള പുതിയ ബസ്സ്റ്റാന്‍ഡ് കെട്ടിടം നിര്‍മിക്കുമെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിലവില്‍ ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സോടു കൂടിയ കെട്ടിടം നിര്‍മിക്കുമെന്നും ഫയര്‍ ഫോഴ്‌സിന് സൗത്ത് ഔട്ടര്‍ റിങ് റോഡില്‍ ദേവസ്വം ബാച്ചിലര്‍ ക്വോര്‍ട്ടേഴ്‌സിനടുത്തുള്ള സ്ഥലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാനൊ അതുമല്ലെങ്കില്‍ കെട്ടിടം നിര്‍മിച്ചു നല്‍കാനൊ ആലോചനയുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടകരുടെ വാഹന പാര്‍ക്കിങിനായി താല്‍ക്കാലികമായി പുന്നത്തൂര്‍ ആനത്താവളം പാര്‍ക്കിങ് ഏരിയ, പഴയ മായ ബസ്സ്റ്റാന്‍ഡ്, നാരായണംകുളങ്ങര ക്ഷേത്ര മൈതാനം, സമീക്ഷ പറമ്പ് എന്നിവിടങ്ങില്‍ ദേവസ്വം സൗകര്യമൊരുക്കുമെന്ന് ദേവസ്വം ചെയര്‍മാനും തൈക്കാട്ടെ റിലയന്‍സ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തും, അതിനു മുന്നിലെയും, കൊളാടിപടിയിലുമായുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പാര്‍ക്കിങ് ഒരുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണും വ്യക്തമാക്കി. ശബരിമല സീസണു മുമ്പ് റെയില്‍വേ സ്‌റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം തുടങ്ങാന്‍ ധാരണയായിട്ടുണ്ടെന്നും ഇതിനു മുന്നോടിയായി ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ യോഗം ഉടനെ ചേരുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."