പ്രളയത്തില്‍ തകര്‍ന്ന സംരക്ഷണ ഭിത്തിയുടെ നിര്‍മാണം വൈകുന്നു
കൂറ്റനാട്: പ്രളയത്തില്‍ തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണം വൈകുന്നതോടെ വെള്ളിയാങ്കല്ല് തടയണയുടെ സുരക്ഷയ്ക്ക് ഭീഷണിയേറുന്നു. സംരക്ഷണഭിത്തിയുടെ തകരാതെ നില്‍ക്കുന്ന കൂടുതല്‍ ഭാഗങ്ങള്‍ പുഴയിലേക്ക് അടര്‍ന്നുവീഴാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
അടര്‍ന്നുവീഴാത്ത ഭാഗങ്ങളില്‍ കമ്പികള്‍ ദ്രവിച്ച് പുറത്തുകാണുന്നുണ്ട്. ഭിത്തിയില്‍ ആഴത്തിലുള്ള വിള്ളലുകളും വലിയ ദ്വാരങ്ങളും രൂപപ്പെട്ടിട്ടുമുണ്ട്.പ്രളയത്തിനുശേഷം സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ നാലരയോടെയാണ് സംരക്ഷണഭിത്തിയുടെ 50 മീറ്ററോളം ഭാഗം പുഴയിലേക്ക് തകര്‍ന്നുവീണത്. പുഴയുടെ കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും സംരക്ഷണഭിത്തിക്ക് സംഭവിച്ച ബലക്ഷയമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് അന്ന് അധികൃതര്‍ നല്‍കിയ വിശദീകരണം. ഭിത്തി അടര്‍ന്നുവീണ ഭാഗങ്ങളില്‍ ചാക്കുകളില്‍ മണ്ണുനിറച്ച് അടുക്കിവെച്ച് മൂന്നുമീറ്റര്‍ ഉയരത്തില്‍ താല്‍കാലിക ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത നിലനില്‍ക്കുകയാണ്. ശക്തമായ മഴ ലഭിച്ചാല്‍ തടയണയുടെ ബാക്കിഭാഗങ്ങള്‍ മുഴുവന്‍ തകര്‍ന്നുവീഴുമെന്ന ആശങ്കയിലാണ് സമീപവാസികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."