ജനറല്‍ ആശുപത്രിയോടുള്ള അവഗണനക്കെതിരേ യുവജന രോഷമിരമ്പി
യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും മാര്‍ച്ച് നടത്തി
ആരോഗ്യമന്ത്രി ഡി.എം.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കാസര്‍കോട്: ജനറലാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും അഴിമതിക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ജനറല്‍ ആശുപത്രിയിലേക്കു യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ചു നടത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസ് ഉപരോധിച്ചു.
ആശുപത്രിയിലെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി 'ജനറല്‍ ആശുപത്രിക്കു ചികിത്സ വേണ'മെന്ന തലക്കെട്ടിലും 'ആശുപത്രിയിലെ എക്‌സറേ യൂനിറ്റിനു താഴുവീണിട്ടു രണ്ടുവര്‍ഷം' എന്ന തലക്കെട്ടിലും 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ യുവജന സംഘടനകള്‍ ആശുപത്രിയിലേക്കു മാര്‍ച്ചു നടത്തിയത്. കഴിഞ്ഞ ദിവസം ചികിത്സക്കെത്തിയ ആദിവാസി സ്ത്രീയോട് കൈക്കൂലി ചോദിച്ച സംഭവവും ആശുപത്രിയിലുണ്ടായിരുന്നു.
യൂത്ത്‌ലീഗ് മാര്‍ച്ച് ആശുപത്രി ഗേറ്റില്‍ പൊലിസ് തടഞ്ഞു. പൊലിസും സമരക്കാരും തമ്മില്‍ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. മാര്‍ച്ച് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കല്ലമ്പാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണ, ആരിഫ് സിദ്ദീഖ്, അഷ്‌റഫ്, മമ്മുചാല, അബ്ദുല്‍ റഹ്മാന്‍, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര, പി ശിവപ്രസാദ്, സി.എം ബഷീര്‍, ഷമീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചികിത്സക്കെത്തിയ രോഗിയോടു കൈക്കൂലി ചോദിച്ച ഡോക്ടര്‍ക്കെതിരേ നടപടിവേണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ആശുപത്രിയിലെ അനാസ്ഥകള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ഒരു വര്‍ഷത്തിലധികമായി ഡോക്ടര്‍മാരുടെ ഒഴിവു നികത്തിയിട്ടില്ല. പനി ബാധിതരടക്കമുള്ള രോഗികള്‍ കൂട്ടത്തോടെ ആശുപത്രിയിലെത്തുമ്പോഴും ഒരു ഡോക്ടറാണ് ഒ.പിയില്‍ പരിശോധന നടത്തുന്നത്. ആശുപത്രിയിലെ എക്‌സറേ യൂനിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ടു രണ്ടു വര്‍ഷമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."