കോടതികളില്‍ ജീവനക്കാരില്ല വര്‍ക്ക് സ്റ്റഡി നടത്താന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
മലപ്പുറം: സംസ്ഥാനത്തെ സിവില്‍, ക്രിമിനല്‍ കോടതികളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. സിവില്‍ കോടതികളില്‍ 2042 ജീവനക്കാരുടെയും ക്രിമിനല്‍ കോടതികളില്‍ 1979 ജീവനക്കാരുടെയും കുറവുള്ളതായാണ് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
1993 ല്‍ നടന്ന പഠനത്തിനുശേഷം സര്‍ക്കാര്‍ തലത്തില്‍ കോടതികളിലെ പോസ്റ്റുകളും ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച പുതിയ പഠനം നടന്നിട്ടില്ല.
1993 ലെ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2001 ല്‍ ജീവനക്കാരുടെ സംഘടന നല്‍കിയ ഹരജിയില്‍ അടിയന്തര നടപടികളെടുത്ത് ആവശ്യമായ ജീവനക്കാരെ കീഴ്‌ക്കോടതികളില്‍ നിയമിക്കണമെന്ന് 2006 ല്‍ തന്നെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും 2013 മെയ് ആറിന്റെ വിധിയിലൂടെ സുപ്രിംകോടതിയും ഹൈക്കോടതിയുടെ നിര്‍ദേശം ശരിവച്ചു. എന്നാല്‍ നാളിതുവരെ ആവശ്യമായതിന്റെ 40 ശതമാനം ജീവനക്കാരെ പോലും നിയമിച്ചിട്ടില്ല. 2600 ഓളം ജീവനക്കാരെ അടിയന്തരമായി വേണ്ടിടത്ത് മൂന്ന് ഘട്ടങ്ങളിലായി 1200 ഓളം പേരെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.
അതേസമയം സംസ്ഥാനത്തെ കീഴ്‌ക്കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോസ്റ്റുകളും ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച് വീണ്ടും ഒരു വര്‍ക്ക് സ്റ്റഡി നടത്താന്‍ കമ്മിറ്റിയെ നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ഹൈക്കോടതി.
കേരളത്തിലെ കീഴ്‌ക്കോടതികളുടെ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടെന്നും നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണുകളായ സിവില്‍ ക്രിമിനല്‍ കോടതികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നു കാണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്മിറ്റിയെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഓരോ ജില്ലകളിലും സിവില്‍ ക്രിമിനല്‍ കോടതികളില്‍ പുതിയതായി സൃഷ്ടിക്കേണ്ട തസ്തികകളുടെ വിവരം രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. കേസുകളുടെ ബാഹുല്യം കാരണം കീഴ്‌ക്കോടതികളുടെ സുഗമമായ നടത്തിപ്പിന് സിവില്‍ കോടതികളില്‍ 9608 ജീവനക്കാരും ക്രിമിനല്‍ കോടതികളില്‍ 3928 ജീവനക്കാരും ആവശ്യമാണെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കോടതികളില്‍ കംപ്യുട്ടര്‍വല്‍ക്കരണം നടപ്പിലാക്കിയതിനാല്‍ ഇത്രയേറെ ജീവനക്കാരുടെ ആവശ്യം നിലവിലില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആധികാരികമായ പഠനത്തിന് പുതിയ വാര്‍ഡ് സ്റ്റഡി കമ്മിറ്റി വേണമെന്ന ഹരജിക്കാരുടെ അപേക്ഷ ഹൈക്കോടതി മുന്നോട്ടു വച്ചത്.
പഠനം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."