സ്ത്രീകളില്‍ ചിലര്‍ പിശാചുക്കളാവുന്ന കാലം
സ്ത്രീകളെ കണ്ണുനീര്‍ തുള്ളികളോടുപമിച്ച ബിംബകല്‍പ്പനകളാലും സര്‍വംസഹയായ ഭൂമിയോടുപമിച്ച രചനകളാലും സമ്പന്നമാണ് കേരളീയ സംസ്‌കാരം. അവര്‍ കോവിലുകളായും ദൈവങ്ങളായും സാഹിത്യ കൃതികളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹനീയ ആള്‍രൂപങ്ങളായി അവര്‍ വാഴ്ത്തപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ ഒന്നര ദശകത്തിനുള്ളില്‍ കേരളീയ സാമൂഹിക ജീവിതത്തിലുണ്ടായ വമ്പിച്ച മാറ്റങ്ങള്‍ നൂറ്റാണ്ടുകളിലൂടെ പടുത്തുയര്‍ത്തിയ സാംസ്‌കാരിക ഭദ്രത തകര്‍ക്കപ്പെടുന്നതായിരുന്നു.
മുലകുടി മാറാത്ത കുഞ്ഞുങ്ങളെ അനാഥകളാക്കിക്കൊണ്ട് ഇന്നലെ കണ്ട യുവാവുമൊത്ത് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം പെരുകി. മൂന്നു വയസും ആറു മാസവും പ്രായമുള്ള കുഞ്ഞുങ്ങളുടെ വാവിട്ട കരച്ചിലുകള്‍ വകവയ്ക്കാതെ അര്‍ധരാത്രികളില്‍ നടുറോഡുകളില്‍ ഉപേക്ഷിച്ച് പോകാന്‍ മാത്രം ചില സ്ത്രീകളുടെ മനസുകള്‍ കഠിനമായിത്തീര്‍ന്നിരിക്കുന്നു. ആഡംബരത്തിനും സുഖ സൗകര്യങ്ങള്‍ക്കുമായി ഏത് നീച പ്രവര്‍ത്തികള്‍ക്കും സ്ത്രീകളില്‍ ചിലര്‍ സന്നദ്ധമാവുന്നുവെന്നതാണ് ഈ കാലത്തിന്റെ ശാപം. ഇതര സംസ്ഥാനങ്ങളില്‍ സ്ത്രീകളില്‍ ചിലര്‍ പല നീചകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ കേരളീയ വനിതകള്‍ അതിനെല്ലാം മേലെയാണെന്നായിരുന്നു നമ്മുടെ സങ്കല്‍പ്പം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സമൂഹത്തിലുണ്ടായ മാറ്റം ഈ ധാരണകളെയെല്ലാം തകിടം മറിക്കുന്നതായിരുന്നു. ഉപഭോഗ സംസ്‌കാരത്തിന്റെ അടിമകളായിരിക്കുന്നു പലരും. നൊന്തുപെറ്റകുഞ്ഞിനെ ക്രൂരനായ കൂട്ടുകാരന്‍ തലപിടിച്ചു ചുമരിലേക്ക് വലിച്ചെറിയുന്നത് നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നിടത്തോളം കേരളത്തിലെ ചില സ്ത്രീകള്‍ വളര്‍ന്നിരിക്കുന്നു.
വഴിവിട്ട ജീവിതത്തിനും ധനസമ്പാദനത്തിനും വേണ്ടി ഏതു നീച കൃത്യവും ചെയ്യാന്‍ മടിക്കാത്ത സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അതില്‍പെട്ട ഒരാളാണ് ജോളിജോസഫ് എന്ന കൊലപാതകി. ആദ്യത്തെ കൊല കഴിഞ്ഞ് പിന്നേയും നീണ്ട 14 വര്‍ഷങ്ങള്‍ക്കിടയില്‍ കൊലകളുടെ പരമ്പര തന്നെ നടത്താന്‍ ഈ ക്രൂര വനിതക്കു യാതൊരു പതര്‍ച്ചയും ഉണ്ടായില്ല. അചിന്തനീയവും ഭയാനകവുമാണ് ഇത്തരമൊരു അവസ്ഥ. താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനുള്ളില്‍ ഒരു കുടുംബത്തിലെ ആറുപേരെ നിഷ്‌കരുണം കൊലചെയ്യാന്‍ യാതൊരു മനഃചാഞ്ചല്യവും ജോളി എന്ന പെണ്‍പിശാചിനു ഉണ്ടായില്ല.
ധനത്തോടും വഴിവിട്ട ബന്ധങ്ങളോടും സ്ത്രീകളില്‍ ചിലര്‍ കാണിക്കുന്ന ആര്‍ത്തി അവരെ ഏതു ഹീനകൃത്യത്തിനും പ്രാപ്തമാക്കുന്നതാണ് ഈ കൊലപാതക പരമ്പരയിലൂടെ ചുരുളഴിയുന്ന യാഥാര്‍ഥ്യം.
കൊലപാതകത്തിനു സഹായികളുണ്ടായിരിക്കാം. എന്നാല്‍ കൃത്യത്തിനു ജോളിയോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ വളരെ മുന്‍പ് തന്നെ ഈ കൊലപാതക പരമ്പരകളുടെ രഹസ്യം പുറത്തു വരുമായിരുന്നു. ജോളി തനിയെ ഇത്രയും പേരെ കൊന്നതിലാണ് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കൊലപാതകങ്ങള്‍ പുറംലോകം അറിയാതെ പോയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതുപോലെ ജോളി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ടോംതോമസിന്റെ കുടുംബം വേരോടെ പിഴുതെറിയപ്പെടുമായിരുന്നു. ഒരു കുടുംബത്തിലെ ആറുപേരും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടതാണ് ഈ അരുംകൊലയുടെ ചുരുളഴിയാന്‍ കാരണമായത്.
വഴിവിട്ട ബന്ധങ്ങള്‍ തേടിപ്പോവുന്ന, ആഭരണങ്ങളോടും ധനത്തോടുമുള്ള ആര്‍ത്തി പെരുകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം സ്ത്രീകളില്‍നിന്ന് ലജ്ജ അകന്നു പോവുന്നത് സ്വാഭാവികം. ലജ്ജ എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാഠമാണ്. ജര്‍മനിയിലെ ഹിറ്റ്‌ലറുടെ കോണ്‍സട്രേഷന്‍ ക്യാംപുകളില്‍ ഇരകളെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് 20കാരിയായ ഇല്‍മഗ്രെസിയായിരുന്നു. ഈ ക്രൂരതകളുടെ ഫലമായി 22ാം വയസില്‍ ആ സ്ത്രീ തൂക്കിലേറ്റപ്പെട്ടു. യു.എസില്‍ ഈയിടെ വീശിയടിച്ച രാക്ഷസക്കൊടുങ്കാറ്റിനു ഈ ദുഷ്ടസ്ത്രീയുടെ പേരായിരുന്നു നല്‍കിയിരുന്നത്. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം ദുഷ്ടകളായ സ്ത്രീകള്‍ ഏതു നീച കൃത്യവും ചെയ്യാനുള്ള അനുമതിപത്രമായി ഉപയോഗിക്കുകയാണ്. അവരുടെ കള്ളമൊഴികളാല്‍ പല മാന്യവ്യക്തികളുടെയും കുടുംബ ജീവിതം തന്നെ ഇതിനകം തകര്‍ന്നു പോയിട്ടുണ്ട്. ഗാര്‍ഹിക പീഡനങ്ങളുടെ പേരില്‍ സ്വന്തം ഭര്‍ത്താക്കന്‍മാര്‍ക്കെതിരേയും ഭര്‍തൃ കുടുംബത്തിനെതിരേയും കേസ് കൊടുക്കുന്ന സ്ത്രീകളില്‍ പലരും കള്ളക്കേസുകളാണ് നല്‍കുന്നതെന്ന് സുപ്രിംകോടതി 2017ല്‍ വിധി പ്രസ്താവിച്ചതാണ്. വഴിവിട്ട ബന്ധങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ ധനാപഹരണം കണ്ടെത്തുമ്പോള്‍ ഭര്‍തൃ കുടുംബത്തെ ഒന്നാകെ നശിപ്പിക്കാന്‍ ചില സ്ത്രീകള്‍ കണ്ടെത്തുന്ന മാര്‍ഗമാണ് ഗാര്‍ഹിക പീഡന നിരോധന കേസുകള്‍.
സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് പുരുഷനും കുടുംബവുമാണ്. എന്നാല്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും മോഹിക്കുന്ന സ്ത്രീകളാണ് ഭര്‍ത്താക്കന്‍മാരെയും ഭര്‍തൃവീട്ടുകാരെയും കൊലക്കു കൊടുത്തെങ്കിലും സുഖ ജീവിതം നയിക്കാന്‍ വ്യഗ്രത കാണിക്കുന്നത്. ഭര്‍ത്താവിനെയും ഭര്‍തൃകുടുംബത്തേയും പരസ്യമായി നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സ്ത്രീകളെ സൂക്ഷിക്കേണ്ട കാലവും കൂടിയാണിത്. ഇവരില്‍ നിന്നൊരിക്കലും നന്മ പ്രതീക്ഷിക്കാനാവില്ല. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായിരിക്കും ഇവര്‍ മുന്‍തൂക്കം നല്‍കുക. അതു നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ അവരെ കൊല്ലാന്‍ പോലും മടികാണിക്കാത്ത ചില സ്ത്രീകളില്‍ പെട്ടതാണ് ജോളി ജോസഫും.
കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സജ്ജമാക്കപ്പെട്ട മനസുള്ള സ്ത്രീകളെ തിരിച്ചറിയുന്നതും ഈ കാലത്ത് പ്രയാസകരമാണെന്നതിനു ജോളിജോസഫ് തന്നെ ഉദാഹരണം. അത്രയും മനോഹരമായിരിക്കും അവരുടെ പൊതുസമൂഹത്തിലുള്ള ഇടപഴകല്‍. വംശീയതക്ക് ഇരകളായ ജൂതര്‍ കാലാന്തരത്തില്‍ വംശീയതയുടെ പ്രചാരകരായി മാറിയതു പോലെ സ്ത്രീ തന്നെ സ്ത്രീ വിരുദ്ധതയുടെ നടത്തിപ്പുകാരായി മാറിക്കൊണ്ടിരിക്കുന്ന കാലത്തെയും കൂടിയാണ് ജോളിജോസഫ് എന്ന ക്രൂര കൊലപാതകി അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."