സാമ്പത്തിക ഗുരുതരാവസ്ഥ റിസര്‍വ് ബാങ്കും സമ്മതിക്കുന്നു
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ മാസത്തില്‍ മൂന്ന് തവണ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും രാജ്യം ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുക തന്നെയാണെന്നാണ് അവസാനമായി റിസര്‍വ് ബാങ്കും സമ്മതിച്ചിരിക്കുന്നത്. സാമ്പത്തിക ഉത്തേജക പദ്ധതികള്‍ക്ക് പുറമെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ചത്. അവര്‍ അതുവഴി കൂടുതല്‍ മൂലധനം ഇറക്കുമെന്ന് പ്രതീക്ഷിച്ചതും തെറ്റി. കിട്ടിയ നികുതിയിളവ് ആസ്വദിക്കുകയാണവര്‍.
സാമ്പത്തിക സ്ഥിതി സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യത്തെ ഉപഭോക്താക്കളില്‍ നടത്തിയ പ്രതിമാസ സര്‍വേയില്‍നിന്നാണ് രാജ്യത്തിന് അടുത്തകാലത്തൊന്നും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കഴിയില്ലെന്ന് വെളിപ്പെട്ടിരിക്കുന്നത്. പതിമൂന്ന് വന്‍ നഗരങ്ങളിലും 5,200ലേറെ വീടുകളിലുമായി റിസര്‍വ് ബാങ്ക് നടത്തിയ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേയിലാണ് രാജ്യം നേരിടുന്ന സാമ്പത്തിക ഗുരുതരാവസ്ഥയുടെ നേര്‍ചിത്രം വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തികയാതെവരികയാണ് സാധാരണക്കാരന്റെ കൈയില്‍വരുന്ന പണം. ഇതോടൊപ്പം തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതാണ് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് ഒടിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കയറ്റുമതിയുടെ നിരക്ക് നോക്കിയായിരുന്നു സാമ്പത്തിക വളര്‍ച്ച കണക്ക് കണക്കാക്കിയിരുന്നതെങ്കില്‍ 1991 മുതല്‍ ഉപഭോക്താക്കളിലൂടെ പണം ചെലവഴിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തികാഭിവൃദ്ധി നിജപ്പെടുത്തുന്നത്. വരാനിരിക്കുന്ന അതീവഗുരുതരമായ ഈ പ്രതിസന്ധിയെക്കുറിച്ച് തന്നെയാണ് അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ പ്രധാനിയായിരുന്ന രതിന്‍ റോയ് മുന്നറിയിപ്പ് നല്‍കിയിരുന്നതും. രാജ്യം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന കഴിഞ്ഞ മെയ് മാസത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഖണ്ഡിക്കുന്നതായിരുന്നു രതിന്‍ റോയ്‌യുടെ വിശദീകരണം.
തെരഞ്ഞെടുപ്പിന്റെ തൊട്ട്മുമ്പ് രതിന്‍ റോയ് നടത്തിയ വെളിപ്പെടുത്തല്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തിന് തിരിച്ചടിയാകുമെന്ന് വരെ കരുതപ്പെട്ടതാണ്. പക്ഷെ ജനം രതിന്‍ റോയിയുടെ വാക്കുകളുടെ ഗൗരവം ഉള്‍ക്കൊണ്ടില്ല. രാജ്യം ഇപ്പോള്‍ അദ്ദേഹം പറഞ്ഞ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക തകര്‍ച്ചക്കുള്ള കാരണമായി ചില വസ്തുതകള്‍ രതിന്‍ റോയ് ചൂണ്ടിക്കാണിച്ചിരുന്നു. സാമ്പത്തിക നയത്തിന്റെ ഘടനാപരമായ തകര്‍ച്ച, ഉപഭോഗത്തിന്റെ വളര്‍ച്ചയില്‍വന്ന കുറവ്, സ്ഥിരം നിക്ഷേപങ്ങളില്‍വന്ന ചോര്‍ച്ച, കയറ്റുമതി രംഗത്തുണ്ടായ മാന്ദ്യം ഇതെല്ലാംകൂടിയാണ് രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ത്തത്.
എന്നാല്‍ അദ്ദേഹം കണ്ടെത്തിയ വസ്തുതകളെയും മറികടക്കുന്നതാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നടത്തിയ സര്‍വേയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ പത്ത് കോടി ജനങ്ങളുടെ ഉപഭോക്തൃ ശേഷിയായിരുന്നു ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ച്‌നിര്‍ത്തിയിരുന്നതെങ്കില്‍ ആ ശേഷി ഇന്ന് നന്നെകുറഞ്ഞിരിക്കുന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന്റെ മുഖ്യകാരണമാകട്ടെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും. തൊഴിലില്ലാത്ത ആളുകളുടെ കയ്യില്‍ പണമുണ്ടാവില്ല. അപ്പോള്‍ ക്രയവിക്രയവും നടക്കുകയില്ല. സാമ്പത്തിക പ്രതിസന്ധിക്ക് ലളിതമായ ഉത്തരമാണിത്. ഇത് ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിക്കുക ദരിദ്ര വിഭാഗങ്ങളെയാണ്. ഉത്തരേന്ത്യയില്‍ പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ദരിദ്രജനങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇന്ത്യ ദരിദ്ര രാഷ്ട്രങ്ങളുടെ ശ്രേണിയിലേക്കായിരിക്കും മൂക്ക്കുത്തി വീഴുക എന്ന് രതിന്‍ റോയ് നേരത്തെതന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതാണിപ്പോള്‍ റിസര്‍വ് ബാങ്കും ശരിവെച്ചിരിക്കുന്നത്. ഇന്ത്യ മറ്റൊരു ബംഗ്ലാദേശോ, ദക്ഷിണാഫ്രിക്കയോ ആയിമാറാനുള്ള സാധ്യത ഏറെയാണ്. തൊഴിലില്ലാത്ത ജനങ്ങള്‍ പെരുകുമ്പോള്‍ അതിന്റെ ഫലമായി രാജ്യത്ത് അക്രമങ്ങളും കവര്‍ച്ചകളും കൊള്ളിവെപ്പുകളും വ്യാപകമാകും. രാജ്യം അരാജകത്വത്തിലേക്കായിരിക്കും എത്തിപ്പെടുക. ദാരിദ്ര്യത്തിലേക്ക് പതിച്ചാല്‍ പിന്നെയൊരു തിരിച്ചുവരവ് അസാധ്യവുമായിരിക്കും. 6.1 മുതല്‍ 6.6 ശതമാനം വരെ വളര്‍ച്ചാനിരക്ക് കൈവരിച്ചിരുന്ന രാജ്യം ഇന്ന് അഞ്ച് ശതമാനത്തില്‍ തളച്ചിട്ടിരിക്കുന്നു.
രാജ്യം അകപ്പെട്ട ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസും പരാജയപ്പെട്ടു. ഒറ്റയാനായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഓടിനടന്നിരുന്ന രാഹുല്‍ഗാന്ധിക്ക് പിന്‍ബലമായി എണ്ണംപറഞ്ഞ നേതാക്കളൊന്നും അദ്ദേഹത്തോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്നില്ലല്ലോ.
കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ അനുഭവപ്പെടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ നീതിആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറായിരുന്നു പറഞ്ഞത്. രൂപയുടെ മൂല്യമാണെങ്കില്‍ കുത്തനെ ഇടിയുകയും ചെയ്തിരിക്കുന്നു. നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പൊടിക്കൈകളൊന്നും ഫലം കാണുന്നില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ സര്‍വേഫലത്തില്‍നിന്നും വ്യക്തമാകുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പദ്ധതികളെല്ലാം ഫലംകാണാതെ വരുമ്പോള്‍ രാജ്യം അതിഭീകരമായ ദരിദ്രാവസ്ഥയിലേക്കായിരിക്കും വരുംവര്‍ഷങ്ങളില്‍ പതിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."