എന്താ മീന്‍? പാഞ്ചിയോ ഭൂജിയ
പൊന്നാനി: നിഗൂഢമായ ഭൂഗര്‍ഭജല ജൈവ സമ്പത്തിലേക്ക് പുതിയൊരിനം മല്‍സ്യം കൂടി. പാഞ്ചിയോ ഭൂജിയ എന്ന പേരുള്ള മല്‍സ്യത്തെയാണ് ഭൂഗര്‍ഭജലത്തില്‍ ഇതാദ്യമായി കണ്ടെത്തിയത്. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ശാസ്ത്രജ്ഞരാണ് കോഴിക്കോട് ജില്ലയിലെ ചേരിഞ്ചാലില്‍നിന്ന് പുതിയ മല്‍സ്യത്തെ കണ്ടെത്തിയത്.
ലോകത്തില്‍ ആദ്യമായിട്ടാണ് പൂന്താരകന്‍ വിഭാഗത്തിലെ ഒരു മല്‍സ്യത്തെ ഭൂഗര്‍ഭ - ഉറവു ചാലുകളില്‍നിന്നു കണ്ടെത്തുന്നത്. പുതിയ മല്‍സ്യത്തെ കണ്ടെത്തിയത് പ്രശസ്ത അന്താരാഷ്ട്ര ജേണലായ സൂട്ടാക്‌സ എന്ന മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഗവേഷകരായ വി.കെ അനൂപ്, റള്‍ഫ് ബ്രിട്ട്‌സ്, സി.പി അര്‍ജുന്‍, നീലീഷ് ധനുകര്‍, രാജീവ് രാഘവന്‍ എന്നിവരാണ് മല്‍സ്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ സംഘത്തിലെ അംഗങ്ങള്‍. ഭൂമിക്കടിയില്‍ താമസമാക്കിയ ഈ മല്‍സ്യത്തിന് ഭുജിയ ചിപ്‌സുമായി രൂപ സാദൃശ്യം ഉള്ളതുകൊണ്ടാണ് പാഞ്ചിയോ ഭൂജിയ എന്ന പേര് നല്‍കിയത്.
തെക്കുകിഴക്കന്‍ ഏഷ്യയിലെ കുത്തൊഴുക്കുള്ള അരുവികളിലാണ് സാധാരണയായി പൂന്തരാകാന്‍ മല്‍സ്യങ്ങളെ കാണപ്പെടുന്നത്. കൊച്ചിയിലെ കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് എജ്യുക്കേഷന്‍ റിസര്‍ച്ച്, കണ്ണൂരിലെ മലബാര്‍ അവയെര്‍നെസ് ആന്റ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ സംയുക്തമായാണ് ഈ മല്‍സ്യത്തെ ശാസ്ത്രത്തിന് സംഭാവന ചെയ്തത്.
ചേരിഞ്ചാല്‍ സ്വദേശിയായ വിഷ്ണുദാസിനാണ് ഈ മല്‍സ്യത്തെ ആദ്യം ലഭിച്ചത്. കൗതുകം തോന്നിയ ഇയാള്‍ കുഫോസ് ഗവേഷകരെ അറിയിക്കുകയായിരുന്നു. വളരെയേറെ വ്യത്യസ്തതയുള്ള ഈ മല്‍സ്യം ജൈവ പരിണാമ ശൃംഖലയിലെ ഒരു പ്രധാനഘടകമാണ്. ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് പുറം ലോകത്തിന്റെ കണ്ണില്‍ പെടാതെ, ഭൂഗര്‍ഭ ജലാശയങ്ങളില്‍ ഒളിച്ചു ജീവിക്കുന്ന ഭുഗര്‍ഭജല മത്സ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."