സലഫി, ഇസ്‌ലാഹി പേരുകളില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന് മുജാഹിദ് വിഭാഗം
കോഴിക്കോട്: കേരളത്തിലെ മുജാഹിദുകള്‍ ഇതുവരെ അറിയപ്പെട്ടിരുന്ന 'സലഫി', 'ഇസ്‌ലാഹി' പേരുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലെന്ന് മുജാഹിദിലെ ഒരു വിഭാഗം. മുജാഹിദ് മര്‍കസുദ്ദഅ്‌വ വിഭാഗമാണ് തങ്ങള്‍ക്ക് ഈ വിശേഷണം ആവശ്യമില്ലെന്നും ഇത്തരത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചത്. എന്നാല്‍ മുജാഹിദ് പ്രസ്ഥാനം നാളിതുവരെ ഉപയോഗിച്ചുവരുന്ന പദപ്രയോഗങ്ങള്‍ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം പരിഹാസ്യമാണെന്ന് കെ.എന്‍.എം ഔദ്യോഗിക വിഭാഗം പറഞ്ഞു.
കഴിഞ്ഞദിവസം സംഘടനയുടെ ആസ്ഥാനമായ കോഴിക്കോട് കണ്ടംകുളത്തെ മര്‍കസുദ്ദഅ്‌വയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. തങ്ങള്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. സലഫി എന്ന പദം ഇക്കാലത്ത് തെറ്റിദ്ധരിക്കപ്പെടുകയും അതിനെ പലരും ദുരുപയോഗം ചെയ്യുകയുമാണ്. തങ്ങളുടെ സ്ഥാപനങ്ങള്‍ക്കോ മറ്റോ സലഫി എന്ന പേര് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. 'സലഫി'യെന്നത് ഖുര്‍ആനും സുന്നത്തും പിന്തുടരുന്നവരായിരിക്കണം. സലഫി പ്രസ്ഥാനം എന്നാല്‍ മുന്‍പ് അതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗോളതലത്തില്‍ സലഫി എന്ന പദത്തിന് വ്യാഖ്യാനങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. അതിന് തീവ്രവാദ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന വിലയിരുത്തലാണ് പൊതുവെയുള്ളതെന്നും മര്‍കസുദ്ദഅ്‌വ വിഭാഗം പറഞ്ഞു.
ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന സുന്നികളെ അംഗീകരിക്കുമെന്നും കേരളത്തിലെ പ്രബോധന സാഹചര്യമല്ല ലോകത്തുള്ളതെന്നും അവര്‍ വ്യക്തമാക്കി. മുജാഹിദുകളുടെ ഐക്യം പരാജയമായിരുന്നു. കരാറുകള്‍ പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് നേരത്തെ ഉണ്ടായിരുന്ന മര്‍കസുദ്ദഅ്‌വ വിഭാഗത്തെ പുനരുജ്ജീവിപ്പിച്ചത്. 2002ന് മുന്‍പ് അഹ്‌ലെ ഹദീസുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഈ സംഘടനയുമായി തങ്ങള്‍ക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ പറഞ്ഞു. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സീകോണ്‍ സംസ്ഥാന അധ്യാപക, വിദ്യാഭ്യാസ സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്. കെ. അബ്ദുറഹ്മാന്‍, എന്‍.എം അബ്ദുല്‍ ജലീല്‍, അനസ് കടലുണ്ടി തുടങ്ങിയവരാണ് പങ്കെടുത്തത്.
ഇസ്‌ലാം, മുജാഹിദ് എന്നീ പദങ്ങളോടുപോലും ചിലര്‍ക്ക് വെറുപ്പുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഇത്തരം പദങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ ആരും തയാറായിട്ടില്ലെന്നും മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ നിലപാട് പരിഹാസ്യമാണെന്നുമാണ് കെ.എന്‍.എം അബ്ദുല്ലക്കോയ വിഭാഗം പറഞ്ഞത്. സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച മേഖലാ സമ്മേളനത്തിലാണ് നേതാക്കള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."