ഒളവറ റോഡ് പാലം പുനര്‍നിര്‍മാണം: പൈലിങ് പ്രവര്‍ത്തി തുടങ്ങി
തൃക്കരിപ്പൂര്‍: കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ സംഗമകേന്ദ്രമായ ഒളവറയിലെ റോഡുപാലം പുതുക്കിപ്പണിയുന്നതിന്റെ മുന്നോടിയായി പൈലിങ് പ്രവൃത്തിക്ക് തുടക്കമായി. നിലവിലെ ബലക്ഷയം ബാധിച്ച പാലത്തിനു സമീപം പുഴയില്‍ വഞ്ചികള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം സ്ഥാപിച്ചാണ് പൈലിങ് പ്രവൃത്തി പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ള റോഡുപാലങ്ങളുടെ പരിശോധന നടത്തുന്ന ഘട്ടത്തില്‍ ഒളവറ പാലത്തെയും ഉള്‍പ്പെടുത്തിയിരുന്നു. പാലത്തിനു ബലക്ഷയമുണ്ടെന്നും പുനര്‍നിര്‍മാണം നടത്തണമെന്നും ഏതാനും വര്‍ഷങ്ങളായി ആവശ്യമുയരുകയും ചെയ്യുന്നുണ്ട്.
തൃക്കരിപ്പൂര്‍ പഞ്ചായത്തിനെയും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന കവ്വായിക്കായലിലെ ഈ പാലത്തിന് അരനൂറ്റാണ്ട് പഴക്കമുണ്ട്. പാലത്തിന്റെ അടിഭാഗത്തു കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയും കമ്പികള്‍ തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പുതുക്കിപ്പണിയണോ എന്നതു സംബന്ധിച്ചു സാങ്കേതിക വിദഗ്ധര്‍ ഏതാനും ദിവസം മുന്‍പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് ഇന്നലെ പൈലിങ് ആരംഭിച്ചത്.
പാലത്തിനുള്ള പില്ലറുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെങ്കില്‍ പാലം പുതുക്കിപ്പണിയുന്നതിനുവേണ്ടി എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കും.
1965 സെപ്റ്റംബര്‍ 19ന് അന്നത്തെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റായിരുന്ന വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചുതുടക്കമിട്ട ഒളവറ പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് 1968 മെയ് 26ന് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ഡോ. വി.കെ.ആര്‍.വി റാവുവാണ് തുറന്നു കൊടുത്തത്.
ഏതാനും വര്‍ഷം മുന്‍പ് ഇതോടു ചേര്‍ന്നു പയ്യന്നൂര്‍-കൊറ്റി റെയില്‍വേ മേല്‍പാലം നിര്‍മാണ ഘട്ടത്തില്‍ ഒളവറ റോഡ് പാലവും പുതുക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."