ഗിത്താറില്‍ ഭഗവദ്ഗീതാ വിസ്മയം; രാജ്യാന്തരശ്രദ്ധ നേടി അഭിഭാഷകന്‍
കണ്ണൂര്‍: ഭഗവദ്ഗീതയെ ഗിത്താറിന്റെ അകമ്പടിയോടെ അവതരിപ്പിച്ച് ശ്രദ്ധേയനായി അഭിഭാഷകന്‍. കണ്ണൂര്‍ സ്വദേശിയും സുപ്രിംകോടതി അഭിഭാഷകനുമായ സ്വാമി ബാലകൃഷ്ണ ഗീതാനന്ദ് ആണ് ഭഗവദ്ഗീതയെ ഗിത്താറിനൊപ്പം ചേര്‍ത്ത് അവതരിപ്പിച്ച് രാജ്യാന്തരശ്രദ്ധ നേടുന്നത്.
ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളിലായുള്ള 700 ശ്ലോകങ്ങള്‍, ആമുഖമായുള്ള 72 ശ്ലോകങ്ങള്‍ എന്നിവയെല്ലാം ബാലകൃഷ്ണ ഗീതാനന്ദിനു മനഃപാഠമാണ്. ചിന്മയ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് ഗീതാനന്ദ് ഗീതാപഠനം ആരംഭിച്ചത്.
കൊച്ചിലേ മികച്ച ഗായകനായ ബാലകൃഷ്ണ ഇരുപത്തിനാലാം വയസു മുതല്‍ ഗിത്താറും അഭ്യസിക്കാന്‍ തുടങ്ങി. പിന്നാലെ ഗീതയും ഗിത്താറും സംയോജിപ്പിച്ചതോടെ ഗിത്താര്‍ബാബ എന്ന പേരിലും ഗീതാനന്ദ് അറിയപ്പെട്ടു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാദിനത്തില്‍ അമേരിക്കയില്‍ ഗിത്താറിലൂടെ ഗീതാലാപനം നടത്തിയാണ് രാജ്യാന്തരതലത്തില്‍ പ്രശസ്തനായത്. കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ ഇദ്ദേഹം കേന്ദ്ര അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ പ്രധാന അസോസിയേറ്റാണ്.
ഡല്‍ഹിയില്‍ എത്തിയ ശേഷം യോഗയില്‍ തല്‍പരനായ ബാലകൃഷ്ണ ഋഷികേഷിലും ഹരിദ്വാറിലും സന്ദര്‍ശനം നടത്തി. രണ്ടിടത്തും ഗീതാ അവതരണം നടത്തിയ ബാലകൃഷ്ണ ഗീതാനന്ദ് പ്രശസ്തിയുടെ പടവുകളാണു ദിനംപ്രതി കയറിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."