ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നതിനെതിരേ പ്രതിഷേധം
തളിപ്പറമ്പ് : ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ തളിപ്പറമ്പ് ആര്.ടി ഓഫിസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് പ്രിതിഷേധവുമായി തളിപ്പറമ്പിലെ ഡ്രൈവര്‍മാര്‍.
ഫെയര്‍ മീറ്ററിന്റെ പേരിലും സുരക്ഷയുടെ ഭാഗമായുള്ള സെന്റര്‍ പോസ്റ്റിന്റെ പേരിലും വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നിക്ഷേധിക്കുന്നതിനെ തുടര്‍ന്നാണ് സംയുക്ത ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ഇന്നലെ ആര്.ടി.ഒ അധികാരികളെ കണ്ടത്.
നാലുവര്‍ഷമായി ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാത്തതിലും അടിക്കടിയുണ്ടാകുന്ന ഇന്‍ഷൂറന്‍സ്, സ്പെയര്‍ പാര്‍ട്സ്, ആര്.ടി.ഒ ഫീസ് എന്നിവയിലെ വര്‍ധനവ് കാരണം ഓട്ടോറിക്ഷാ തൊഴില്‍ മേഖല പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത്. ഫെയര്‍മീറ്റര്‍ സീല്‍ ചെയ്യുന്നതുമായും മീറ്ററിന്റെ ബില്ല് ചോദിച്ചും സുരക്ഷയുടെ ഭാഗമായുള്ള സെന്റര്‍ പോസ്റ്റ് എക്സ്ട്രാ ഫിറ്റിങ്ങാണെന്നു പറഞ്ഞാണ് ചില ഉദ്യോഗസ്ഥര്‍ ഫിറ്റ്നസ് നിക്ഷേധിക്കുന്നതെന്നാണ് സംയുക്ത ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ പറയുന്നത്.
ആര്.ടി.ഒ അധികാരികള്‍ ഈ നില തുടര്‍ന്നാല്‍ ഫിറ്റ്നസ് ടെസ്റ്റുകളും മറ്റു നടപടികളും തടസപ്പെടുത്തുന്ന രീതിയിലുള്ള സമരപരിപാടികള്‍ക്ക് നിര്‍ബന്ധിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്കി. അതേസമയം നിയമം അനുസരിച്ചുള്ള കര്‍ശന തീരുമാനങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളുവെന്നാണ് തളിപ്പറമ്പ് ആര്.ടി.ഒ അധികാരികള്‍ പറയുന്നത്. വാഹനങ്ങളുടെ സുരക്ഷയോടൊപ്പം അതിനേക്കാള്‍ പ്രാധാന്യത്തോടെ അത് ഉപയോഗിക്കുന്നവരുടെയും മറ്റുള്ളവരുടെയും സുരക്ഷ ആര്.ടി വകുപ്പിന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അധികാരികള്‍ പറഞ്ഞു.
സംയുക്ത ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ആര്.ടി.ഒ അധികാരികളുമായി സംസാരിച്ചതനുസരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന ഉറപ്പു നല്‍കിയതായി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു. എം. ചന്ദ്രന് (സി.ഐ.ടി.യു), പി.വി വേണുഗോപാല്‍ (ഐ.എന്‍.ടി.യു.സി), കെ.വി വിജയകുമാര്‍, റഷീദ് വെള്ളാവ് (എസ്.ടി.യു) എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."