സൂക്ഷ്മ സംരംഭങ്ങളിലൂടെ പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കും: മന്ത്രി എ.സി മൊയ്തീന്‍
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കടക്കം വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
വ്യവസായവാണിജ്യ വകുപ്പ് പുന്നപ്ര വ്യവസായ പ്ലോട്ടില്‍ 13 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ബഹുനില വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്പാദനമേഖലയ്ക്ക് കൂടുതല്‍ പണം നീക്കിവയ്ക്കുന്നുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കുന്ന നിലയിലാണ് സൂക്ഷ്മവ്യവസായസംരംഭങ്ങള്‍ ആരംഭിക്കുക. പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങളാണെങ്കില്‍ സ്വകാര്യസംരംഭകര്‍ നടത്തുന്ന വ്യവസായ എസ്‌റ്റേറ്റുകളുടെ പശ്ചാത്തലഅടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് പൊതുസ്വകാര്യ പങ്കാളിത്ത(പി.പി.പി.) മാതൃകയിലാകാം.
സംസ്ഥാനത്ത് വ്യവസായം ആരംഭിക്കുന്നതിന് സ്ഥലത്തിന്റെ ലഭ്യതയാണ് പ്രധാനപ്രശ്‌നം.
അതു പരിഹരിക്കാന്‍ വ്യവസായ വകുപ്പ് സ്ഥലം ഏറ്റെടുത്ത് കെട്ടിടവും റോഡുമടക്കം പശ്ചാത്തല സൗകര്യമൊരുക്കുകയാണ്. ബഹുനില സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് ഇതിനായാണ്. അഭ്യസ്തവിദ്യര്‍ തൊഴില്‍ദാതാക്കളാകുന്ന സ്ഥിതി സൃഷ്ടിക്കുകയാണ്. യുവജനങ്ങളുടെ വ്യവസായ ആശയങ്ങളെ ഉല്‍പന്നമാക്കി മാറ്റാനുള്ള സഹായം സര്‍ക്കാര്‍ നല്‍കുന്നു. പുതിയ സ്റ്റാര്‍ട്ടപ്പുകളും സ്ത്രീ സംരംഭങ്ങളും വിജയിക്കുന്നു. ഇതിലൂടെ തൊഴിലില്ലായ്ക്കു പരിഹാരം കാണാന്‍ കൂടിയാണ് ശ്രമം. 131 കോടി രൂപയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 61 കോടിയായി കുറയ്ക്കാന്‍ ഒരു വര്‍ഷംകൊണ്ട് സര്‍ക്കാരിനായി. 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. തൊഴില്‍ പ്രശ്‌നം മൂലം ഒരു സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടിട്ടില്ല. വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ഏകജാലക സംവിധാനത്തില്‍ പോലും ബുദ്ധിമുട്ടുകളും കാലതാമസവും ഉണ്ടാകുന്നുവെന്ന് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വ്യവസായനിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ നിയമനിര്‍മാണം തന്നെ നടത്താന്‍ തീരുമാനിച്ചത്. വ്യവസായം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വ്യവസായത്തിനാവശ്യമായ എന്‍ജിനീയര്‍മാരെയും ടെക്‌നോക്രാറ്റുകളെയും നല്‍കുകയെന്നത് അക്കാദമിക ബാധ്യതയാണെന്ന് യോഗത്തില്‍ അധ്യക്ഷ്യത വഹിച്ച പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.വലിയ വരള്‍ച്ചയിലൂടെ പോയിട്ടും സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടായില്ലെന്നത് അഭിമാനകരമായ നടപടികളുടെ ഫലമാണെന്ന് കെ.എസ്.ഇ.ബി. 33 കെ.വി. സബ്‌സ്‌റ്റേഷന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
വ്യവസായവാണിജ്യ ഡയറക്ടര്‍ കെ.എന്‍. സതീഷ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, എന്‍. മുരളീധരന്‍, ടിന്റു ആന്റണി, എം.എസ്. അനസ്, സിറിയക് ഡേവിഡ്, പി.വി. രാജ് കുമാര്‍, കെ.എന്‍. ബെന്നി, വി.എസ്. രാജപ്പന്‍, വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. സനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.അഡീഷണല്‍ ഡയറക്ടര്‍ റ്റി. ഷാജി, കെ.എസ്.ഇ.ബി. ഡയറക്ടര്‍ പി. വിജയകുമാരി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൂന്നു നിലകളിലായി 38 വ്യവസായ യൂണിറ്റുകളെ ഉള്‍ക്കൊള്ളാവുന്ന 44500 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് 13 കോടി ചെലവില്‍ നിര്‍മിക്കുന്ന വ്യവസായസമുച്ചയം.
പ്ലോട്ടിലെ 77 വ്യവസായ യൂണിറ്റുകള്‍ക്ക് തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനും പുന്നപ്ര, കളര്‍കോട് പ്രദേശങ്ങളിലെ വൈദ്യുതി പ്രസരണരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി 7.5 കോടി രൂപ ചെലവിലാണ് സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. പ്ലോട്ടിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 66.56 ലക്ഷം രൂപ ചെലവിലാണ് റോഡുകള്‍ നവീകരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ 100 കോടി രൂപയുടെ നിക്ഷേപവും 500 പേര്‍ക്ക് തൊഴിലവസരവുമാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."