സര്‍വകലാശാല സെനറ്റും അനിവാര്യമായ മാറ്റങ്ങളും
നിയമസഭകള്‍ക്ക് സമാനമായ അധികാരങ്ങളാണ് സര്‍വകലാശാലാ സെനറ്റിനുള്ളത്. എം.എല്‍.എമാരും സര്‍വകലാശാല സെനറ്റില്‍ അംഗമാണെന്നത് സെനറ്റിന് അത്രമേല്‍ പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാണ്ട് ഒരുവര്‍ഷം തികയുകയും ഇതിനോടകം നാലോളം സെനറ്റ് യോഗങ്ങള്‍ ചേരുകയും ചെയ്തു. അംഗങ്ങള്‍ക്ക് ചോദിക്കാനും പ്രമേയങ്ങള്‍ അവതരിപ്പിക്കാനുമുള്ള അവസരം ഈയടുത്തു നടന്ന സെനറ്റ് യോഗത്തിലാണു ലഭിക്കുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഓരോ സെനറ്റ് യോഗത്തെയും സര്‍വകലാശാലയുമായി ബന്ധപ്പെട്ട സമൂഹം നോക്കിക്കാണുന്നത്.
എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് സര്‍വകലാശാല സെനറ്റ് യോഗങ്ങള്‍ക്ക് ഉയരാന്‍ കഴിയാറുണ്ടോ എന്നത് ആലോചനാവിഷയമാണ്. സെനറ്റ് യോഗങ്ങളുടെ സാമ്പ്രദായിക രീതി തന്നെയാണ് സെനറ്റ് യോഗങ്ങളുടെ സാധ്യതയെ ബാധിക്കുന്നതിലെ പ്രധാന കാരണം. അതിനു ശേഷം മാത്രമേ സെനറ്റ് അംഗങ്ങളുടെ ഉത്തരവാദിത്വബോധവും ആത്മാര്‍ഥതയും പ്രശ്‌നമായി വരികയുള്ളൂ. ഏകദേശം ഇതേ അവസ്ഥ തന്നെയാകും കേരളത്തിലെ മറ്റു സര്‍വകലാശാലകളുടെ സെനറ്റുകള്‍ക്കും എന്നു തോന്നുകയാണ്. ഈയൊരു പങ്കുവയ്ക്കലിലൂടെ കാലോചിത മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ഭാഗ്യക്കുറിയാകുന്ന
ചോദ്യങ്ങളും പ്രമേയങ്ങളും
സെനറ്റ് യോഗത്തില്‍ അംഗങ്ങള്‍ക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ ചോദിക്കാനും പ്രമേയം അവതരിപ്പിക്കാനുമുള്ള അവസരമുണ്ട്. സെനറ്റ് യോഗം നടക്കുന്നതിനു ഒരു മാസം മുന്‍പ് ഇതു സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളും പ്രമേയങ്ങളും പിന്നീട് അജന്‍ഡയില്‍ വരികയും ചെയ്യും. അതിലെ ഓര്‍ഡര്‍ പ്രകാരമാണ് സെനറ്റ് യോഗത്തില്‍ അംഗങ്ങള്‍ ചോദ്യങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കുന്നത്. ഒരു അംഗത്തിനു പരമാവധി മൂന്നു ചോദ്യങ്ങള്‍ക്കും അത്രതന്നെ പ്രമേയങ്ങള്‍ക്കുമാണ് അവസരമുള്ളത്. സെനറ്റ് മെംബര്‍മാരില്‍നിന്ന് ലഭിക്കുന്ന ഇത്തരം ചോദ്യങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കാനുള്ള ക്രമം നറുക്കെടുപ്പിലൂടെയാണു സര്‍വകലാശാല നിശ്ചയിക്കുന്നത്. അതുപ്രകാരമാണ് ചോദ്യങ്ങള്‍ അജന്‍ഡയില്‍ വരുന്നതും.
കഴിഞ്ഞ ജൂലൈ 27നു ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗ അജന്‍ഡയില്‍ പരിഗണിച്ചത് ആകെ 33 ചോദ്യങ്ങളാണ്. 15 പ്രമേയങ്ങളും. ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള യഥാര്‍ഥ ഉത്തരം പലപ്പോഴും ഉപചോദ്യങ്ങളില്‍ നിന്നാണു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ചോദ്യോത്തരവേളയ്ക്ക് വളരയധികം പ്രാധാന്യമുണ്ട്. ഈ ചോദ്യാവതരണത്തിന്റെ ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിക്കുമ്പോള്‍ സംഭവിച്ചത് ഒരാള്‍ക്ക് മൂന്നു ചോദ്യങ്ങള്‍ ചോദിക്കാമെന്നുള്ളതു കൊണ്ട് ഒരാള്‍ തന്നെ വീണ്ടും വരികയും മറ്റുള്ളവരുടെ മുന്‍ഗണനയ്ക്കുള്ള അവസരം നഷ്ടമാവുകയും ചെയ്യുന്നു. കഴിഞ്ഞ യോഗത്തിലെ കാര്യമെടുത്താല്‍ ഒന്നാമത്തെ ചോദ്യത്തിന് അവസരം ലഭിച്ച അംഗത്തിനു മൂന്നാമത് വീണ്ടും അവസരം ലഭിക്കുകയുണ്ടായി. ഒരു മണിക്കൂര്‍ നീണ്ട ചോദ്യോത്തര വേളയില്‍ അവതരിപ്പിക്കാന്‍ ആകെ അവസരം ലഭിച്ച ചോദ്യങ്ങള്‍ 11 ആണ്. അതില്‍ ഒരംഗത്തിന് അവസരം വീണ്ടും ലഭിക്കുക വഴി മറ്റൊരംഗത്തിന്റെ അവസരം നഷ്ടമായി. കഴിഞ്ഞ സെനറ്റ് യോഗത്തില്‍ പരിഗണിക്കപ്പെട്ട 15 പ്രമേയങ്ങളില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ആറെണ്ണം മാത്രമാണ്. ഇതിലും ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ ഒരാള്‍ക്ക് രണ്ടു പ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ നറുക്കെടുപ്പെന്ന ന്യായവാദമാണ് ബഹുമാനപ്പെട്ട ചെയര്‍ മറുപടി നല്‍കിയത്. നിയമസഭയിലെ നറുക്കെടുപ്പ് രീതി തന്നെയാണ് ഇവിടെയും പിന്തുടരുന്നത്. എന്നാല്‍ സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇതത്ര ശാസ്ത്രീയമല്ല. പകുതി ദിവസം സെനറ്റ് ചേരുകയും ഒരാള്‍ക്ക് മൂന്നു ചോദ്യങ്ങള്‍, പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യുമ്പോള്‍ പേരുകള്‍ വീണ്ടും നിര്‍ഭാഗ്യവശാല്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
സമയം പ്രയോജനപ്പെടുത്താത്ത സെനറ്റ് യോഗം
സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം സുപ്രധാന ബോഡിയാണ് സെനറ്റ്. യൂനിവേഴ്‌സിറ്റിയുമായി എല്ലാ നയപരമായ തീരുമാനങ്ങള്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമുണ്ട്. എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സര്‍വകലാശാല സര്‍ക്കാര്‍ എയ്ഡഡ് കോളജ് അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാരുടെ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരെല്ലാം സെനറ്റിലെ അംഗങ്ങളാണ്. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് പ്രകാരം സെനറ്റ് യോഗം ഒരുദിവസം വൈകിട്ട് അഞ്ചുവരെ സമ്മേളിക്കാം.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളും 15 പ്രമേയങ്ങളും അജന്‍ഡയായി വന്ന കഴിഞ്ഞ സെനറ്റ് യോഗം 10 മുതല്‍ ഒന്നു വരെയാണ് നിശ്ചയിച്ചത്. ഇതുതന്നെ യാതൊരു പ്രകോപനവുമില്ലാതെ ഓരോന്നിനും നല്‍കിയ സമയം കഴിഞ്ഞുവെന്നു പറഞ്ഞ് മുന്‍ നിശ്ചയിച്ചതില്‍നിന്ന് അര മണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കുകയും ചെയ്തു. കാലികമായ 22 ചോദ്യങ്ങളും ഒന്‍പത് പ്രമേയങ്ങളും ചര്‍ച്ച ചെയ്യാന്‍ ബാക്കിയിരിക്കെയാണ് 'അലോട്ടഡ് ടൈം' എന്ന ടെക്‌നിക്കല്‍ പദം ഉപയോഗിച്ച് യോഗം പിരിച്ചുവിടുന്നത്.
അംഗങ്ങളുടെ ടി.എ, ഡി.എ, ചായ, ഭക്ഷണം, വൈദ്യുതി, തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ ഒരു സെനറ്റ് യോഗത്തിനു മാത്രം കാല്‍ ലക്ഷത്തിനു മുകളിലാണു ചെലവാകുന്നത്. പക്ഷേ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും സ്റ്റാറ്റിയൂട്ടില്‍ പറയുന്ന സമയം പോലും നീക്കിവയ്ക്കുന്നില്ല എന്നതാണു വാസ്തവം.
സെനറ്റ് അംഗങ്ങള്‍ക്കുമുണ്ട്
ഉത്തരവാദിത്വം
ട്രഷറി ബെഞ്ചിനെയും നോമിനേറ്റഡ് അംഗങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ തന്നെ നല്ലൊരു ശതമാനം ആളുകള്‍ സെനറ്റിന്റെ ഭാഗമായുണ്ട്. വളരെ ശക്തമായ മത്സരത്തിനൊടുവിലാണ് ഓരോ അംഗവും ജയിച്ചുവരുന്നത്. ഓരോ അംഗത്തിനെയും ജയിപ്പിച്ചുവിടുമ്പോള്‍ തങ്ങളുടെ ശബ്ദം സെനറ്റില്‍ മുഴങ്ങുമെന്ന് ഓരോ വിഭാഗവും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഒരംഗത്തിന് മൂന്നു ചോദ്യങ്ങളും അത്രതന്നെ പ്രമേയങ്ങളും അവതരിപ്പിക്കാമെന്നിരിക്കെ ആകെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ 33ഉം പ്രമേയങ്ങള്‍ 15ഉം ആണ്. കുറച്ച് ചോദ്യങ്ങള്‍ തള്ളിപ്പോയിട്ടുണ്ടെങ്കിലും അവരുടെ മറ്റുചില ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവസരത്തിനൊത്ത് ഉയരേണ്ട ഉത്തരവാദിത്വം സെനറ്റ് അംഗങ്ങള്‍ക്കുണ്ട്. ഒരു എം.എല്‍.എ, എം.പിക്ക് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള പ്രതിബദ്ധതയ്ക്കു തുല്യമാണ് സെനറ്റ് അംഗങ്ങള്‍ക്ക് തങ്ങളെ തിരഞ്ഞെടുത്തവരോടുള്ളത്.
ഉത്തരങ്ങളുടെ
കൗടില്യതന്ത്രം
സെനറ്റ് യോഗത്തിനു ഒരുമാസം മുന്‍പേ അംഗങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ സര്‍വകലാശാല രേഖാമൂലം വാങ്ങുന്നുണ്ട്. കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തി തയാറാക്കുന്നതിനു വേണ്ടിയാണ് ഈ രീതി പിന്തുടരുന്നത്. പക്ഷേ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ സര്‍വകലാശാല അധികാരികളുടെ താല്‍പര്യത്തിനു വിരുദ്ധമാണെങ്കില്‍ ഉത്തരം കിട്ടുക എളുപ്പമല്ല. മറ്റു വഴികളിലേക്ക് ചോദ്യങ്ങളെ തിരിച്ചുവിടും. കഴിഞ്ഞ യോഗത്തില്‍ 2019 മാര്‍ച്ച് 31 വരെ കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്‍ന്റ് പ്രൊഫസര്‍ തസ്തികകളില്‍ എത്ര ഒഴിവുകളുണ്ടെന്നും ഒഴിവു വന്ന തിയതി ഉള്‍പ്പെടെ വകപ്പു തിരിച്ച് ലഭ്യമാക്കാനുമായിരുന്നു ലേഖകന്‍ ആവശ്യപ്പെട്ടത്.
പഠന വകുപ്പുകളില്‍ നിലവില്‍ 119 ( യഥാക്രമം 26, 32, 61) ഒഴിവുകളുണ്ടെന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാല്‍ ഓരോ വകുപ്പിലും ഒഴിവു വന്ന തിയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തയാറാക്കുന്നതേയുള്ളൂ എന്നാണ് ഉപചോദ്യത്തിനു മറുപടി ലഭിച്ചത്. കൃത്യമായ എണ്ണം നല്‍കിയ സര്‍വകലാശാലക്ക് മറ്റു വിവരങ്ങളും ലഭ്യമാണെന്നിരിക്കെ ഇതു മറച്ചുവയ്ക്കുകയായിരുന്നു. ഒഴിവുകളിലെ സംവരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കുക എന്നതായിരുന്നു ചോദ്യത്തിനു പിന്നില്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ സെനറ്റ് യോഗത്തിനു ശേഷം ഒരു മാസം കഴിഞ്ഞ് മിനുട്ട്‌സ് വന്നിട്ടും മറുപടി ലഭിച്ചിട്ടില്ല. അതിനിടെ സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തെ സംശയിച്ചാല്‍ ന്യായമുണ്ട്. 2018 -19 അധ്യയന വര്‍ഷത്തില്‍ പഠന വകുപ്പുകളില്‍ നെറ്റ്, ഈക്വലന്‍സിയില്ലാതെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടന്നിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. സ്ഥിരനിയമനം നടന്നിട്ടില്ല എന്നായിരുന്നു മറുപടി. ഈ കാലഘട്ടത്തില്‍ നടന്ന ഡെപ്യൂട്ടേഷന്‍ നിയമനം ഇവിടെ ബോധപൂര്‍വം മറച്ചുവയ്ക്കപ്പെട്ടു. ഉത്തരങ്ങള്‍ നല്‍കുന്നതിലെ ഇത്തരം കൗടില്യന്‍ തന്ത്രങ്ങളും ചര്‍ച്ചയാക്കപ്പെടേണ്ടതുണ്ട്.
സെനറ്റ് യോഗങ്ങള്‍
പൊതുസമൂഹത്തിനു ലഭ്യമാക്കണം
പാര്‍ലമെന്റ്, നിയമസഭാ നടപടികളെല്ലാം തത്സമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്നിരിക്കെ സെനറ്റ് യോഗ വിവരങ്ങളും സുതാര്യമാക്കേണ്ടതുണ്ട്. സുപ്രിംകോടതി നടപടികള്‍ പോലും പൊതുജനത്തിനു ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ്. ഈയൊരു സാഹചര്യത്തില്‍ സര്‍വകലാശാലകളിലെ സെനറ്റ് യോഗങ്ങളും റെക്കോഡ് ചെയ്‌തെങ്കിലും പൊതുസമൂഹത്തിനു ലഭ്യമാക്കണം. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗങ്ങള്‍ നിലവില്‍ സി.സി.ടി.വിയില്‍ പകര്‍ത്തി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതു പിന്നീട് സര്‍വകലാശാലയുടെ തന്നെ ഭാഗമായ ഋങങഞഇ ( ഋറൗരമശേീിമഹ ങൗഹശോലറശമ ഞലലെമൃരവ ഇലിേൃല) സഹായത്തോടെ പൊതുസമൂഹത്തിനു ലഭ്യമാക്കാവുന്നതേയുള്ളൂ. ഇത്തരം കാലികമായ മാറ്റങ്ങളോടെ പൊതുസമൂഹത്തിനു കാര്യങ്ങള്‍ വിക്ഷീക്കാനും സെനറ്റ് യോഗങ്ങള്‍ കൂടുതല്‍ സക്രിയമാകാനും സെനറ്റ് അംങ്ങളുടെ ഉത്തരാവാദിത്വബോധം ഉയര്‍ത്താനും സാധിക്കും. ഇത്തരം മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി മാത്രമാണ് ആവശ്യം. കാലിക്കറ്റ് സര്‍വകലാശാലയില്‍ തെരഞ്ഞെടുക്കപ്പെട്ട സെനറ്റും സിന്‍ഡിക്കേറ്റുമൊക്കെ വന്നുകഴിഞ്ഞു. ഇനി വരേണ്ടത് കാലികമായ മാറ്റങ്ങളാണ്.
(കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെംബറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."