ലുലു സൈബര്‍ ടവര്‍ 2 ഉദ്ഘാടനം ഇന്ന്
കൊച്ചി: പതിനൊന്നായിരം ഐ.ടി പ്രൊഫഷനലുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു സൈബര്‍ ടവര്‍ -2 ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് മന്ത്രി എസ്.എസ് അലുവാലിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ലുലു സൈബര്‍ ടവര്‍ -1 ന് തൊട്ടടുത്തായാണ് ലുലു സൈബര്‍ ടവര്‍ -2 നിര്‍മിച്ചിരിക്കുന്നത്. 20 നിലകളുള്ള സൈബര്‍ ടവര്‍ -2ല്‍ എട്ട് ഫ്‌ളോറുകള്‍ പൂര്‍ണമായും വാഹന പാര്‍ക്കിങിനായി മാറ്റിവച്ചിരിക്കുന്നു. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക രീതിയില്‍ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. 1200ലധികം പേര്‍ക്ക് ജോലി ചെയ്യാവുന്ന ഓരോ ഫ്‌ളോറും ലോകോത്തര കമ്പനികള്‍ക്ക് ഏകോപിതമായി ജോലി ചെയ്യാന്‍ കഴിയുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നു. 400 കോടി രൂപയാണ് സൈബര്‍ ടവറിന്റെ നിര്‍മാണ ചെലവ്. സൈബര്‍ ടവര്‍ -2ല്‍ രണ്ട് അമേരിക്കന്‍ ഐ.ടി കമ്പനികള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. വൈകാതെ ഇവ പ്രവര്‍ത്തനം ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയവും ട്രെയിനിങ് സെന്ററും 900 സീറ്റുള്ള അതിവിശാലമായ ഫുഡ് കോര്‍ട്ടും രണ്ട് ഡൈനിങ് റസ്‌റ്റോറന്റുകളും കോഫിഷോപ്പുകളും ബിസിനസ് സെന്ററും ഇ ലോബികളും പ്രമുഖ ബാങ്കുകളുടെ ശാഖകളും എ.ടി എമ്മുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ജിംനേഷ്യവും യോഗ മെഡിറ്റേഷന്‍ സെന്ററും സൈബര്‍ ടവര്‍ -2വിലെ സവിശേഷതകളാണ്. 16 ഹൈസ്പീഡ് പാസഞ്ചര്‍ എലവേറ്ററുകളും രണ്ട് സര്‍വീസ് എലവേറ്ററുകളും സൈബര്‍ ടവറില്‍ അത്യാധുനിക നിലവാരത്തില്‍ സജ്ജമാക്കിയിരിക്കുന്നു. സെക്കന്‍ഡില്‍ മൂന്നു മീറ്റര്‍ വേഗത്തിലാണ് എലവേറ്ററിന്റെ സഞ്ചാരം.
ഓരോ നിലയിലുമുള്ള മൂന്ന് റെസ്റ്റ് റൂമുകളില്‍ ഒന്ന് ഭിന്നശേഷിയുള്ളവര്‍ക്കായാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് വീതം ഫയര്‍ എക്‌സിറ്റുകളും ഓരോ നിലയിലുമുണ്ട്. അകത്തും പുറത്തുമായി 400 സി.സി ടി.വി കാമറകള്‍ സൈബര്‍ ടവറിന്റെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.
22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള, ലോകത്തെ അതിവേഗം വളരുന്ന കമ്പനികളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഐ.ടി മേഖലയിലേക്കുള്ള കടന്നുവരവ് കേരളത്തിലെ ഐ.ടി വിപ്ലവത്തിന് ഗതിവേഗം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."